കൊല്ലം: കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന മയിലുകളെ കാത്തിരിക്കുന്നത് വൈദ്യുതി പ്രസരിക്കുന്ന മരണക്കുരുക്കുകള്‍. ഇരതേടിയും ചൂടുതേടിയും കാടിറങ്ങുന്ന ദേശീയ പക്ഷിയുടെ ദാരുണമരണം തുടര്‍ക്കഥയാവുന്നു.

കൊല്ലത്ത് നഗരമധ്യത്തില്‍ വൈദ്യുതാഘാതമേറ്റ് ചാവുന്ന മയിലുകളുടെ എണ്ണം കൂടിവരുകയാണ്. ഞായറാഴ്ച രാവിലെ ഒഴുക്കുതോടിന് സമീപം ആണ്‍മയില്‍ ചത്തതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ഓയൂര്‍ അമ്പലംകുന്ന് വാളിയോട് പോസ്റ്റോഫീസിന് സമീപം ഷോക്കേറ്റ് മയില്‍ ചത്ത സംഭവമുണ്ടായി. മാസങ്ങള്‍ക്കുമുമ്പ് കൊല്ലം ഡി.സി.സി. ഓഫീസിന് സമീപം വൈദ്യുതകമ്പിയില്‍ തട്ടി മയില്‍ ചത്തിരുന്നു.

വേനല്‍ കടുക്കുമ്പോള്‍ ഇരതേടിയും കുടിവെള്ളം തേടിയും ആനയും പുലിയും കരടിയും കാടിറങ്ങുന്നത് സംസ്ഥാനത്ത് സാധാരണമായിരിക്കുകയാണ്. ചൂട് താരതമ്യേന കൂടുതലുള്ള നഗരപ്രദേശങ്ങളിലേക്കാണ് ഈസമയം മയിലുകളുടെ പ്രയാണം. മയിലുകള്‍ ചൂടേറിയ കാലാവസ്ഥ ഇഷ്ടപ്പെടുന്നതാണ് കാരണം. വരണ്ടതും കുറ്റിക്കാടുകള്‍ നിറഞ്ഞതുമായ പ്രദേശങ്ങളാണ് മയിലുകള്‍ക്ക് പഥ്യം.

നിത്യഹരിതങ്ങളായ കാടുകളില്‍ വേനല്‍ക്കാലത്തുപോലും മയിലുകള്‍ക്ക് ഇഷ്ടപ്പെട്ട കാലാവസ്ഥയില്ല. ചോല നിറഞ്ഞതും തണുപ്പേറിയതുമായ കാലാവസ്ഥയില്‍ കഴിയാന്‍ ഇവയ്ക്ക് തീരെ താത്പര്യമില്ല. നാട്ടില്‍ പലയിടത്തും ഇടത്താവളങ്ങളൊരുക്കി വര്‍ഷം മുഴുവനും ഇവ കഴിയുന്നതിനും കാരണമിതാണ്. കാട്ടില്‍ ഇവയുടെ എണ്ണം കൂടുന്നതും പുറത്തേക്ക് പലായനം ചെയ്യുന്നതിന് കാരണമാകുന്നുണ്ട്. പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങള്‍ തങ്ങളുടെ ഇടവേളകളിലെ ഇഷ്ടഭക്ഷണമാക്കുന്നത് മയിലുകളെയായതിനാല്‍ സുരക്ഷയ്ക്കുവേണ്ടിയും ഇവ കാടുവിടാറുണ്ടെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. ഷൈന്‍ പറഞ്ഞു.

നാട്ടിലെ പുരയിടങ്ങളില്‍ ചൂടേറിയ അന്തരീക്ഷത്തില്‍ മയിലുകളുടെ പ്രധാനഭക്ഷണമായ പാമ്പുകളെ യഥേഷ്ടം കിട്ടും. പാമ്പുകളെക്കൂടാതെ പ്രാണികള്‍, ഓന്ത്, എലി, വയലുകളിലെ നത്തയ്ക്കപോലുള്ള ജീവികള്‍ തുടങ്ങിയവയാണ് മയിലുകള്‍ സാധാരണയായി ഭക്ഷണമാക്കുന്നത്. 1972ലെ വനസംരക്ഷണ നിയമമനുസരിച്ച് മയിലുകളെ കൊല്ലുന്നതും മയിലെണ്ണപോലുള്ളവ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. അതിനാല്‍ നാട്ടില്‍ ഇവയ്ക്ക് വലിയ ഭീഷണി നേരിടേണ്ടി വരുന്നുമില്ല.

ഞായറാഴ്ച ഒഴുക്കുതോടിനടുത്ത് ചത്തനിലയില്‍ കണ്ട മയിലിനെ ജില്ലാ മൃഗസംരക്ഷണകേന്ദ്രത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് കൈമാറി.