ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കടയ്ക്കല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. കടയ്ക്കല്‍ പള്ളിമുക്ക് നെല്ലിവിള പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ അഭിലാഷ് (രാജു-25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10ന് കടയ്ക്കല്‍-മടത്തറ റോഡില്‍ പള്ളിമുക്കിന് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം.
കടയ്ക്കലില്‍നിന്ന് പള്ളിമുക്കിലേക്ക് പോയ അഭിലാഷ് സഞ്ചരിച്ച ബൈക്കും മണലുവട്ടത്തുനിന്ന് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കടയ്ക്കല്‍ താലൂക്ക് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് അഭിലാഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയിലും മറ്റ് രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അഭിലാഷ് ബുധനാഴ്ച രാവിലെ 11 നാണ് മരിച്ചത്.
കടയ്ക്കലില്‍ സ്വര്‍ണ്ണപ്പണി നടത്തുന്ന മൂര്‍ത്തി-മാരി ദമ്പതിമാരുടെ മകനാണ് അഭിലാഷ്. സഹോദരങ്ങള്‍: പഞ്ചമി, പൗര്‍ണമി.
 
പാറുക്കുട്ടിയമ്മ
കടയ്ക്കല്‍:വയലാ മധുമന്ദിരത്തില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (85) അന്തരിച്ചു. മക്കള്‍: സഹദേവന്‍ പിള്ള, ശാന്തമ്മ, താമരാക്ഷി, ഇന്ദിര, പ്രിയേശന്‍ പിള്ള, ഡോ. മധുസൂദനന്‍ പിള്ള. മരുമക്കള്‍: ലീല, ഗോപാലപിള്ള, രാജന്‍, സത്യന്‍, ശ്രീലത, മിനി. സഞ്ചയനം ഞായറാഴ്ച 8ന്.
 
ഭവാനിയമ്മ
അഞ്ചല്‍:തഴമേല്‍ അനുഗ്രഹയില്‍ പരേതനായ നീലകണ്ഠപ്പിള്ളയുടെ ഭാര്യ ഭവാനിയമ്മ (89) അന്തരിച്ചു. മക്കള്‍: പരേതനായ ഗോപിനാഥപിള്ള, വിജയലക്ഷ്മി, ശാന്ത, സരോജിനി, സുമതിക്കുട്ടി. മരുമക്കള്‍: ലീല, ഗോപാലകൃഷ്ണക്കുറുപ്പ്, രാമചന്ദ്രന്‍ ഉണ്ണിത്താന്‍, പരേതനായ കരുണാകരന്‍ പിള്ള, മോഹന്‍കുമാര്‍.
 
കല്ലടയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
പുത്തൂര്‍: ഞാങ്കടവ് പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം പാലത്തിനു സമീപത്തുനിന്ന് കണ്ടെടുത്തു. മൈലം തെക്കേക്കര ചരുവിളവീട്ടില്‍ രവി(36)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ കണ്ടെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് രവി പാലത്തില്‍ നിന്ന് ചാടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. രവിയുടെ ഭാര്യ പിണങ്ങി ഐവര്‍കാലയിലുള്ള സഹോദരിയുടെ വീട്ടിലാണ് താമസം. ഇവിടെയെത്തിയ രവി ഓട്ടോറിക്ഷയില്‍ മടങ്ങിപ്പോകവെ ഞാങ്കടവ് പാലത്തില്‍ എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. പാലം കഴിഞ്ഞ് ഡ്രൈവര്‍ ഓട്ടോറിക്ഷ നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടിയ രവി പാലത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ബുധനാഴ്ച രാവിലെ കൊട്ടാരക്കരയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മകന്‍: വിനീത്.