വെറുതെയിരുന്നപ്പോള്‍ സ്‌കൂള്‍ ജീവിതത്തെക്കുറിച്ച്  ഓര്‍ക്കുകയായിരുന്നു ഞാന്‍. പൊടുന്നനെ ഓര്‍മകളുടെ ചുരുളുകള്‍ തനിയെ നിവര്‍ന്നുവരികയായി.        രണ്ടാം ക്ലാസിലാണ് ഞാനിപ്പോള്‍.  'ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ.....' എന്ന കവിത കുമാരന്‍മാസ്റ്റര്‍ അദ്ദേഹത്തിന്റേതായ ഈണത്തില്‍ ആലപിക്കുകയാണ്. ആ വര്‍ഷം (1967) പുറത്തിറങ്ങിയ ഒള്ളതുമതി എന്ന സിനിമയില്‍ കുമാരനാശാന്‍ എഴുതിയ ഈ കവിത ഉണ്ടായിരുന്നു. എല്‍.പി.ആര്‍. വര്‍മയുടേതായിരുന്നു ഈണം. റേഡിയോയിലൂടെ കേട്ടുകേട്ട് ഹൃദിസ്ഥമായിരുന്നതുകൊണ്ട് എല്‍.പി.ആര്‍. വര്‍മയുടെ  ഈണമായിരുന്നു മനസ്സില്‍ നിറയെ. അതുകൊണ്ടുതന്നെ കുമാരന്‍ മാഷിന്റെ ഈണം മനസ്സിലേക്കു കയറാന്‍ മടി കാണിച്ചു.

''നാളെ ഈ കവിത എല്ലാവരും കാണാതെ പഠിച്ച് ചൊല്ലിക്കേള്‍പ്പിക്കണം'''. കുമാരന്‍മാസ്റ്ററുടെ കല്പന കേട്ട് എല്ലാവരും ഞെട്ടി. പദ്യം തെറ്റിച്ചു ചൊല്ലിയാല്‍ അടിയോ പിച്ചോ ഉറപ്പാണ്.    അടുത്ത ദിവസമായി. ആദ്യത്തെ ഊഴം എന്റേതായിരുന്നു. എത്ര ഓര്‍ത്തിട്ടും തലേന്ന് പാടിക്കേട്ട ഈണം ഓര്‍ത്തെടുക്കാനായില്ല. പദ്യം ചൊല്ലിയില്ലെങ്കില്‍ അടികൊണ്ട് പുളയേണ്ടിവരുമെന്നതില്‍ ഒരു സംശയവുണ്ടായിരുന്നില്ല. കിട്ട്യാ കിട്ടി പോയാ പോയി എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ പാടി: 'ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ.....'  പക്ഷേ, പാടിയത് എല്‍.പി.ആര്‍. വര്‍മയുടെ ഈണത്തിലാണെന്നു മാത്രം.

ഈണം മാറ്റിപ്പാടിയതിന് തല്ലു കിട്ടുമെന്നാണ് കരുതിയത്.  പക്ഷേ, ക്ലാസിലെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കുമാരന്‍മാസ്റ്റര്‍ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു. എല്‍.പി.ആര്‍. വര്‍മയുടെ ഈണമായിരുന്നു അന്നെന്നെ രക്ഷിച്ചെതെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. കുമാരനാശാന്റെ തന്നെ 'പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി'യെ 'വജ്രം' (2004, സംഗീതം ഔസേപ്പച്ചന്‍) എന്ന ചിത്രത്തിലുടെ പുതിയൊരു ഈണത്തില്‍ കേള്‍ക്കാനും നമുക്ക് ഭാഗ്യമുണ്ടായി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം..' എന്ന കവിതയും പാട്ടായി ഇതേ ചിത്രത്തിലുണ്ടായിരുന്നു.

  'പൂവുകള്‍ തെണ്ടും പൂമ്പാറ്റ..''എന്ന കവിത കുട്ടികള്‍ക്കു വേണ്ടി ജി.ശങ്കരക്കുറുപ്പ് എഴുതിയതാണ്. 1964 ല്‍ പുറത്തിറങ്ങിയ 'ഒരാള്‍കുടി കള്ളനായി' എന്ന ചിത്രത്തില്‍ മനോഹരമായ ഈ ഗാനം ഉള്‍പ്പെടുത്തിയപ്പോള്‍ 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം'.. എന്ന ഗാനം ചിട്ടപ്പെടുത്തിയ ജോബിന്റെ ഇമ്പമാര്‍ന്ന ഈണം കൂട്ടിനുമുണ്ടായിരുന്നു. ഏതോ ടീച്ചര്‍ (സിനിമയില്‍ അംബിക എന്ന പഴയകാല നടി) കുട്ടികളെ പഠിപ്പിക്കുന്നതാണ് ഗാനരംഗം.      പല്ലവി ഇങ്ങനെ: ''പൂവുകള്‍ തെണ്ടും പുമ്പാറ്റ/ പൂമ്പൊടി പൂശും പുമ്പാറ്റ/ പൂന്തേനുണ്ണും പുമ്പാറ്റ/ പൂവിലുറങ്ങും പുമ്പാറ്റ ഗാനം കേട്ടുകഴിയുമ്പോള്‍ പുമ്പാറ്റയെക്കുറിച്ച് തെളിമയാര്‍ന്ന ചിത്രം മനസ്സില്‍ തെളിയാതിരിക്കില്ല. വര്‍ണച്ചിറകുകളിലെ വെളിച്ചവും തെളിച്ചവും കണ്ടിട്ട് കവി ചോദിക്കുകയാണ്: എന്തു വെളിച്ചം പുമ്പാറ്റേ/ എന്തു തെളിച്ചം പുമ്പാറ്റേ/മഴവില്ലാണോ നിന്നമ്മ/ തരുമോ നീയൊരു പൊന്നുമ്മ   ഒരു തുമ്പിയെക്കാണുമ്പോള്‍ ആര്‍ക്കും തൊടാനൊരു മോഹമുണ്ടാകും, പ്രത്യേകിച്ച് കുട്ടികള്‍ക്ക്.  കുട്ടികളുടെ മനസ്സോടെ കവി ചോദിക്കുകയാണ്: ഒന്നു തൊടട്ടേ നോവാതെ/ നിന്നു തരാമോ പൂവ്വാതെ/ മഴവില്ലാണോ നിന്നമ്മ/ തരുമോ നീയൊരു പൊന്നുമ്മ.  കുട്ടികള്‍ക്കായി ചലച്ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയ ഗാനങ്ങള്‍ മുതിര്‍ന്നവരെയും ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. ടെലിഫോണ്‍ വലിയൊരു സംഭവമായിരുന്ന കാലത്ത് വയലാര്‍ രാമവര്‍മ്മ എഴുതിയ ഒരു ഗാനം സ്‌കൂള്‍ മാസ്റ്റര്‍ എന്ന ചിത്രത്തിലുണ്ട്.  കിലുകിലുക്കം കിലുകിലുക്കം/ കിങ്ങിണിചെപ്പിലൊളിച്ചിരിക്കും ടെലിഫോണിന്നുള്ളിലുണ്ടൊരു കൂട്ടുകാരി/കളിക്കൂട്ടുകാരി..     കിണികിണി മണിയടിക്കുകയും ഹലോ ഹലോ എന്ന വിളി കേള്‍പ്പിക്കുകയും ചെയ്യുന്ന കൗതുകത്തെ എത്ര ചാരുതയോടെയാണ് വയലാര്‍ വരികളില്‍ ലയിപ്പിച്ചുചര്‍ത്തത്. അച്ഛനെയാണേലും അമ്മയെയാണേലും അമ്പിളിമാമനെയാണേലും അരികിലെത്തിക്കും എന്നും നളചരിതം കഥകളിയിലെ അരയന്നത്തിനെപ്പോലെ ദൂരെയുള്ളോരരമനയില്‍ ദൂതിനുപോകും എന്നെല്ലാം പറയുമ്പോള്‍  കവിയുടെ ഭാവനയ്‌ക്കൊപ്പം ആസ്വാദകരുടെ മനസ്സും ചിറകുവിരിച്ച് ദൂരേക്ക് പറന്നകലുകയായി.

മണ്ണാംകട്ടയുടേയും കരിയിലയുടേയും കഥ അറിയാത്തവരുണ്ടാകില്ല. ഇത് രണ്ടു സിനിമകളില്‍ കുട്ടികള്‍ക്കുള്ള പാട്ടുകളായി. എഴുതിയത് വയലാറും പി.ഭാസ്‌കരനും. കണ്‍മണികള്‍ എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ എഴുതി:

പണ്ടൊരു കാലം -പണ്ട്  പണ്ടൊരു കാലം-ഒരു മണ്ണാംകട്ടയും കരിയിലയും കാശിക്കു പോയി ഭാസ്‌കരന്‍ മാഷ് 'ഭാഗ്യമുദ്ര'യ്ക്കു വേണ്ടി എഴുതിയതാവട്ടെ,  മണ്ണാംകട്ടയും കരിയിലയും/കണ്ണാരംപൊത്തിക്കളിക്കാന്‍ പോയ് കരിവേപ്പിന്‍ തണലില്‍ കര്‍ക്കിടമാസം/കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ്

     മൂലധനം എന്ന നാടകത്തിലെത്തിയെപ്പോള്‍ മണ്ണാംകട്ടയും കരിയിലയും പോയത് മലയ്ക്കാണ്. എഴുതിയതോ വയലാറും! മണ്ണാംകട്ടയും കരിയിലയും കൂടി/മലയ്ക്ക് പോയ് മലയ്ക്ക് പോയ് അച്ഛനുമമ്മയും കാണാതെ/ ആരോടും മിണ്ടാതെ. എന്തായാലും മൂന്നു ഗാനങ്ങളിലും കഥയുടെ അവസാനത്തിനു മാറ്റമില്ല. കരിയില കാറ്റത്തു പറന്നുപോകുന്നു, മണ്ണാംകട്ട വെള്ളത്തില്‍ അലിഞ്ഞുപോകുന്നു.     കുയിലുകള്‍ കാക്കകളുടെ കൂട്ടിലാണ് മുട്ടയിടുക. സ്വന്തം കുഞ്ഞാണെന്നു കരുതി വളര്‍ത്തിയ പോറ്റമ്മയെ പറ്റിച്ചുകൊണ്ട് അവസാനം കുയില്‍കുഞ്ഞ് ചിറകുവിരിച്ചു പറന്നുപോകുന്നു. ഇതാണ് യഥാര്‍ത്ഥ കഥയെന്നിരിക്കെ വയലാര്‍ ഇങ്ങനെ എഴുതി:

കാട്ടിലെ കുയിലിന്‍ കൂട്ടില്‍/കാക്ക പണ്ടൊരു മുട്ടയിട്ടു  കൂടറിഞ്ഞില്ല കാടറിഞ്ഞില്ല/കുയിലുമറിഞ്ഞില്ല.

കുയിലിനെപ്പോലെ മനോഹരമായി പാടുന്ന മറ്റൊരു പക്ഷിയുമില്ലല്ലോ. ഒരു ദിവസം കുയിലിന്റെ വീട്ടില്‍ പോയ കാക്കച്ചിക്ക് കുഞ്ഞിന്റെ പാട്ടു കേള്‍ക്കാന്‍ കൊതിയായി. എന്നിട്ടെന്തായി? 

'കുഞ്ഞിച്ചിറകുകള്‍ ചീകിമിനുക്കി/കുയിലമ്മ പാടി കൂ..കൂ..  കുയിലിന്റെ പാട്ടുകള്‍/കേട്ടു വളര്‍ന്നിട്ട്  കുഞ്ഞു കരഞ്ഞു കാ..കാ../കാക്കക്കുഞ്ഞു കരഞ്ഞു കാ..കാ..  സ്വന്തം കുഞ്ഞിനെ നല്ലൊരു പാട്ടുകാരിയാക്കണമെന്ന കാക്കച്ചിയുടെ മോഹമാണ് അങ്ങനെ തകര്‍ന്നടിഞ്ഞത്.      ചക്കിപ്പരുന്തിന്റെ വീട്ടില്‍ പാട്ടുകച്ചേരിക്കു പോയപ്പോള്‍ തത്തമ്മയ്ക്ക് ചിറകു വിരിക്കാത്ത കുഞ്ഞിനേയും കൊണ്ടുപോകാതിരിക്കാനായില്ല. നൊമ്പരപ്പെടുത്തുന്ന ആ ഗാനമുള്ളത് ദാഹം എന്ന ചിത്രത്തില്‍. രചന വയലാര്‍. സംഗീതം  ദേവരാജന്‍

കിഴക്കു കിഴക്കു കിഴക്കന്‍കാട്ടിലെ/കിങ്ങിണിക്കുട്ടിലേ തത്തമ്മ പണ്ടൊരു ചക്കിപ്പരുന്തിന്റെ വീട്ടില്‍/പാട്ടുകച്ചേരിക്കു പോയി   കുഞ്ഞിനെ പച്ചപ്പനങ്കൂട്ടിനുള്ളിലുറക്കിയാണ് തത്തമ്മ പാട്ടുപാടാന്‍ തുടങ്ങിയത്.  പാട്ടിനിടയ്ക്കു പനന്തത്ത ചോദിച്ചു/പല്ലു കടിക്കണതാരാണ് ചക്കിപ്പരുന്ത് വിളിച്ചുപറഞ്ഞു/ പുത്തരിച്ചോറിലെ കല്ലാണ്. കച്ചേരി തീര്‍ന്നപ്പോള്‍ വീടിന്റെ മുറ്റത്ത്/ചക്കിപ്പരുന്തിനെ കണ്ടില്ല താരാട്ടു കേട്ടു മയങ്ങിയുറങ്ങിയ/തങ്കക്കുടത്തിനെ കണ്ടില്ല കാലത്തു ചക്കിപ്പരുന്തു ചവച്ചിട്ട/കുഞ്ഞിനെ കണ്ടു തത്തമ്മ ഇത്തിരിച്ചുണ്ടുമിളം ചിറകും കണ്ടു/പൊട്ടിക്കരഞ്ഞു തത്തമ്മ.        നാട്ടില്‍ മുഴുക്കെ പൊന്നോണമാക്കിയ രസകരമായ  പാട്ടുള്ളത് പകല്‍ക്കിനാവ് എന്ന ചിത്രത്തില്‍.      'കാക്കയ്ക്കും പൂച്ചയക്കും കല്യാണം/ കാട്ടില്‍ മുഴുക്കെ പൊന്നോണം സുന്ദരിക്കാക്കയ്ക്ക് പുന്നാരം/ പൊന്നിളം വെയിലത്ത് കല്യാണം (പി.ഭാസ്‌കരന്‍, ചിദംബരനാഥ്)  പൂച്ചയും കൂരങ്ങച്ഛനും കൂട്ടുകൂടി കൃഷി ചെയ്ത കഥയാണ് അന്വേഷിച്ചുകണ്ടെത്തിയില്ല എന്ന ചിത്രത്തിലെ പാട്ടിലുള്ളത്.  മുറിവാലന്‍ കുരങ്ങച്ചന്‍/ വിറവാലന്‍ പൂച്ചയുമായ്  മഴ വന്ന മാസത്തിങ്കല്‍/ മലവാഴകൃഷി ചെയ്തു. വാഴ കുലച്ചപ്പോള്‍ തലയെല്ലാം കുരങ്ങച്ചന്‍ പറ്റിച്ചെടുക്കുകയായിരുന്നു. മലവാഴ കടയും ചവറും കിട്ടിയപ്പോഴാണ് പൂച്ച തനിക്ക് പറ്റിയ അമളി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഭാസ്‌കരന്‍മാഷ് എഴുതി. ഇനിയത്തെ വിളവിന്റെ തലയെല്ലാം തനിക്കു വേണം  പിടിവാശി പിടിച്ചല്ലോ മരമണ്ടന്‍ പൂച്ച  കുരങ്ങച്ചനതുകേട്ടു കുഴികുത്തി ചേന വെച്ചു.  ചെറു ചേന വലുതായി വിളകൊയ്യാറായല്ലോ  തലയെല്ലാം പൂച്ചയെടുത്തു മുറിവാലന് ചേനകള്‍ കിട്ടി  അറിവില്ലാ തൊഴില്‍ ചെയ്താല്‍ നഷ്ടം വരുമാര്‍ക്കും. കണ്ണും കരളും എന്ന ചിത്രത്തില്‍ തത്തമ്മ വീടു വെച്ചതിനെക്കുറിച്ചുള്ള രസകരമായ പാട്ടുണ്ട്. വാലാറിന്റെ വരികള്‍ക്ക് എം.ബി. ശ്രീനിവാസന്‍ നല്‍കിയ ശ്രൂതിമധുരമായ ഈണത്തില്‍ ലത പാടുന്നു: താതെയ്യം കാട്ടില് തക്കാളിക്കാട്ടില്/തത്തമ്മ പണ്ടൊരു വീടു വെച്ചു  കല്ലല്ല..ഹായ്..മണ്ണല്ല ../ കല്‍ക്കണ്ടം കൊണ്ടൊരു വീടുവെച്ചു.  കരിമ്പു കൊണ്ടാണ് തൂണുകളിട്ടത്. കണ്ണമ്പഴത്തേലു കൊണ്ട് മച്ചുണ്ടാക്കി, പപ്പടം കൊണ്ട് മേഞ്ഞ് പനംചക്കരകൊണ്ട് തറയുണ്ടാക്കി. തറ പാലുകൊണ്ടു മെഴുകി പഞ്ചാര വാരിത്തൂകുകയും ചെയ്തു തത്തമ്മ. പിന്നെ കൂട്ടുകൊരെയെല്ലാം വിരുന്നുവിളിച്ചു.  എന്നിട്ടെന്തുണ്ടായി? ആട്ടുംകുഞ്ഞ് തൂണു തിന്നു/അണ്ണാന്‍കുഞ്ഞ് മച്ചു തിന്നു കാക്കക്കുഞ്ഞ് മേല്‍പ്പുര തിന്നു/ കട്ടുറുമ്പ് തറ തിന്നു, കുഞ്ഞില്ലാത്ത തത്തമ്മയ്ക്ക് ഒന്നും കീട്ടീല്ല അയ്യയ്യെ  ഒന്നും കീട്ടീല്ല  ഇതേ ചിത്രത്തില്‍ കുട്ടികള്‍ക്കായി മറ്റൊരു പാട്ടു കൂടിയുണ്ട്. പി. ലീല പാടുന്നു: കളിമണ്ണ് മെനഞ്ഞു മെനഞ്ഞൊരു/ കലമാനിനെയുണ്ടാക്കി മകരനിലാവിന്‍ മടിയിലിരുത്തി/മാനത്തെ വളര്‍ത്തമ്മ.. 'അഗ്നിപുത്രി' യിലെ ശ്രദ്ധേയമായ ഗാനങ്ങളില്‍ കുട്ടികള്‍ക്കുള്ള രണ്ടുപാട്ടുകളും പാടിയത് പി.സുശീലയാണ്. വയലാറിന്റെ വരികള്‍, ബാബുരാജിന്റെ ഈണം.  'കിളി കിളി പരുന്തിന് കൃഷ്ണപ്പരുന്തിന് കടലില്‍ നിന്നൊരു മുത്തുകിട്ടി' എന്ന ഗാനവും   'ആകാശത്തിലെ നന്ദിനിപ്പശുവിന് അകിടു നിറയെ പാല്  കറന്നാലും തീരില്ല കുടിച്ചാലും തീരില്ല  കന്നിനിലാ പാല്' എന്ന ഗാനവും  ഏറെ ജനപ്രീതി നേടി.  കട്ടുറമ്പിന്റെ കാതുകുത്ത് കാട്ടിലാകെ ഉത്സവമാക്കിയ പാട്ടുള്ളത് 'പോര്‍ട്ടര്‍ കുഞ്ഞാലി'യില്‍. അഭയദേവും ബാബുരാജും ഒരുക്കിയ പാട്ട് പാടിയത് എ.പി. കോമള. ഭിക്ഷ യാചിച്ച് ഒരു പയ്യന്‍ സിനിമയില്‍ പാടുകയാണ്: കട്ടുറുമ്പിന്റെ കാതു കുത്തിന്/കാട്ടിലെന്തൊരു മേളാങ്കം കൂട്ടുകാര്‍ വന്നു വീട്ടുകാര്‍ വന്നു/ കേട്ടോരൊക്കെ വിരുന്നുവന്നു ചുണ്ടെലിയും ആനയും ഈച്ചയും പുച്ചയുമൊക്കെ ഒത്തു ചേര്‍ന്ന് സദ്യവെച്ച് വിളമ്പിയുണ്ടിട്ടും 'എനിക്കു മാത്രം കിട്ടീല'എന്ന് പറഞ്ഞ് പാട്ട് അവസാനിക്കുകയാണ്.

കടങ്കഥപ്പാട്ടിന്റെ രൂപത്തിലള്ളതാണ്  ത്രിവേണി എന്ന ചിത്രത്തിലെ     കെഴക്ക് കെഴക്കൊരാന/ പൊന്നണിഞ്ഞു നില്‍ക്കണ്    ആലവട്ടം വെഞ്ചാവരം/ താലീപ്പീലി നെറ്റിപ്പട്ടം  (വയലാര്‍, ദേവരാജന്‍)    ഉടനെ ഉത്തരവും എത്തുകയായി:    'എനിച്ചറിയാം എനിച്ചറിയാം അമ്പിളിമാമന്‍'    ചോദ്യവും ഉത്തരവുമായുള്ള ഒരു പാട്ട് ചക്രവാകം എന്ന സിനിമയിലുണ്ട്.    പടിഞ്ഞാറൊരു പാലാഴി/പാലാഴിയിലൊരു പൊന്‍തോണി     തുഴയില്ലാതോടുന്ന തോണിക്കകത്തൊരു/തുള്ളാട്ടം തുള്ളണ പാവക്കുട്ടി     (വയലാര്‍, ശങ്കര്‍ ഗണേഷ്)     പഞ്ചാര പാലു മിഠായി..(ഭാര്യ), കഥ കഥ പൈങ്കിളിയും(അമ്മയെക്കാണാന്‍), ഓരിക്കലൊരു

പൂവലാന്‍ കിളി (ഭര്‍ത്താവ്), മാനത്തെ മണ്ണാത്തിക്കൊരു പൂത്താലി കിട്ടി (ജന്മഭൂമി), തൂമ്പീ തുമ്പീ വാ വാ..(കൂടപ്പിറപ്പ്), കിലുകിലുക്കാന്‍ കിളിയുടെ വീട് (പഠിച്ച കള്ളന്‍),  മാനത്തെയേഴു നില മാളിക (റബേക്ക), പാവക്കുട്ടീ പാവാടക്കുട്ടി..(കടത്തുകാരന്‍),  കുമ്പളം നട്ട് കിളിച്ചത് (പോസ്റ്റുമാന്‍), ഒന്നാം തരം ബലൂണ്‍ തരാം.., ഓടും പാവ ചാടും പാവ.. (സ്‌നേഹദീപം), അമ്പിളിമാമന്‍ പിടച്ച മുയലിന് (കുടുംബിനി) അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും.. (ഓടയില്‍ നിന്ന്),  ആലിപ്പഴം പെറുക്കാന്‍ (മൈഡിയര്‍ കുട്ടിച്ചാത്തന്‍). തുമ്പീ വാ തുമ്പക്കുടത്തിന്‍ (ഓളങ്ങള്‍).... ഇതൊക്കെ എന്റെ ഇഷ്ടഗാനങ്ങള്‍.

പുതിയ പാട്ടുകകള്‍  ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് എന്റെ കൊച്ചുമകള്‍ പാടുന്നതുകേട്ടത്:     എന്നോ ഞാനന്റെ മുറ്റത്തൊരറ്റത്ത്   പുന്നാരിച്ചൊരു മുല്ല നട്ടു   കണ്ണീര്‍ തേവി നനച്ചു കിനാവിന്റെ   പൊന്‍തൂവല്‍ കൊണ്ട് പന്തലിട്ടു...

എന്നോ പുന്നാരിച്ചു വളര്‍ത്തിയ പാട്ടുകളെക്കുറിച്ചാണ് എഴുതിയതെങ്കിലും പുതിയ തലമുറയുടെ ഈ പുന്നാരപ്പാട്ടും ഇനിയെന്റെ  മനസ്സിന്റെ മുറ്റത്തുതന്നെയുണ്ടാകും.