ഇനിയും മുന്നേറാന്‍ നെഹ്രു പാര്‍ക്ക് 

Jawaharlal Nehruകുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാ നെഹ്രുവിന്റെപേരില്‍ തേക്കിന്‍കാട് മൈതാനത്ത് തന്നെയുണ്ട് നെഹ്രു പാര്‍ക്ക്. 1959ലാണ് കുട്ടികള്‍ക്കായി പാര്‍ക്ക് ആരംഭിച്ചത്.

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ എസ്. രാധാകൃഷ്ണന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പാര്‍ക്ക് പ്രവര്‍ത്തന മികവില്‍ ഏറെമുന്നിലായിരുന്നു. കാലംചെന്നപ്പോള്‍ അവഗണനയുടെ ഫലമായി പാര്‍ക്കിന്റെ തിളക്കത്തിന് മങ്ങലേറ്റു. 

പൊട്ടിപ്പൊളിഞ്ഞ കളിയുപകരണങ്ങള്‍ നെഹ്രു പാര്‍ക്കിന്റെ ശാപമാണ് എക്കാലത്തും. കളിയുപകരണങ്ങളും ഊഞ്ഞാലും ബഞ്ചുകളുമൊക്കെ ദ്രവിച്ച് വളരെ അപകടകരമായ അവസ്ഥയിലാണ് നിലകൊണ്ടിരുന്നത്. അക്വേറിയവും ലൈബ്രറിയുമൊക്കെയുണ്ടെങ്കിലും സന്ദര്‍ശകര്‍ ഇങ്ങോട്ട് വരാന്‍ തന്നെ മടിച്ചു.

എത്തിപ്പെടാനും സമയം ചെലവഴിക്കാനും ഏറ്റവും നല്ല സ്ഥലമാണെങ്കിലും ആന്തരഘടനയിലെ പോരായ്മകള്‍ സന്ദര്‍ശകവരവിനെയും ബാധിച്ചു. നശിച്ച ഉപകരണങ്ങളും സംരക്ഷണമില്ലാത്ത മരങ്ങളും മാലിന്യവുമൊക്കെ പാര്‍ക്കിന് ചെറുതല്ലാത്ത ദുഷ്പേരാണുണ്ടാക്കിയത്. 

jawahar lala nehru 3
നെഹ്രു പാര്‍ക്ക് 

ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവില്‍ മുന്‍ കൗണ്‍സിലിന്റെ കാലത്ത് പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. അഞ്ചുകോടി രൂപയാണ് അന്ന് പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയത്. നവീകരണം ആരംഭിച്ചെങ്കിലും പഴയ മികവിലേക്കെത്താന്‍ ഇതുവരെ പാര്‍ക്കിന് കഴിഞ്ഞിട്ടില്ല. 

ആറേക്കര്‍ വരുന്ന പാര്‍ക്കില്‍ ഇനിയും മെച്ചപ്പെടാനുള്ള സൗകര്യങ്ങളേറെ. ജനങ്ങളുടെ ആവശ്യാനുസരണം ചില്ലറ മിനുക്കുപണികളാണ് കോര്‍പ്പറേഷന് ഇതുവരെ നടത്താനായത്. പാര്‍ക്കിന്റെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നല്ല രീതിയില്‍ പാര്‍ക്കിനെ നിലനിര്‍ത്തുമെന്നും മേയര്‍ അജിത ജയരാജന്‍ പറയുന്നു.

നെഹ്രുവിന്റെ സ്വന്തം മണ്ഡപം 

jawaharlal nehru 4
തേക്കിന്‍കാട് മൈതാനിയിലെ
നെഹ്രു സ്മൃതി മണ്ഡപം.

നിരവധി പ്രമുഖര്‍ പ്രസംഗിച്ച തേക്കിന്‍കാട് മൈതാനത്തില്‍ പ്രഥമ പ്രധാനമന്ത്രിയുടെ വാക്കുകളും മുഴങ്ങിയിട്ടുണ്ട്. ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ മൈതാനത്തില്‍ നെഹ്രു എത്തിയത് 1952ലാണ്. 

അന്ന് പ്രധാനമന്ത്രി പദത്തിലായിരുന്ന അദ്ദേഹത്തിന്റെ ആദ്യ തൃശ്ശൂര്‍ സന്ദര്‍ശനമായിരുന്നു അത്. ആവേശോജ്ജ്വലമായ പ്രസംഗത്തിന് അന്ന് വേദിയായത് നെഹ്രു മണ്ഡപമായിരുന്നു. പ്രധാനമന്ത്രിയ്ക്ക് പ്രസംഗിക്കാനായി നിര്‍മ്മിച്ച നെഹ്രു മണ്ഡപം ഇന്നും തേക്കിന്‍കാടിന്റെ തലയെടുപ്പായി പ്രൗഢിയോടെ നില്‍ക്കുന്നു. 

അഭിമാനമായി ബാലഭവന്‍

കേരളത്തിലെ അഞ്ച് ജവഹര്‍ ബാലഭവനുകളിലൊന്നായി ചെമ്പൂക്കാവില്‍ സ്ഥിതിചെയ്യുന്ന തൃശ്ശൂര്‍ ബാലഭവന്‍ സാംസ്‌കാരിക നഗരത്തിന്റെ തിലകക്കുറിയാണ്. 1991ല്‍ ആരംഭിച്ച സ്ഥാപനം സംസ്ഥാന സാംസ്‌കാരികവകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

jawaharlal nehru
ബാലഭവന്‍ 

അക്കാദമികളുള്‍പ്പെടുന്ന സാംസ്‌കാരികകേന്ദ്രമായ ചെമ്പൂക്കാവിലെ ഒരേക്കറിലാണ്  സ്ഥാപനം സ്ഥിതിചെയ്യുന്നത്.  ജവഹര്‍ലാല്‍ നെഹ്രുവിനോടുള്ള ആദരസൂചകമായി രാജ്യത്ത് ആരംഭിച്ച ജവഹര്‍ ബാലഭവന്‍ തൃശ്ശൂരിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടായിരുന്നു.

പച്ചപ്പ് അനുഗ്രഹിച്ച ബാലഭവന്റെ പ്രധാന ആകര്‍ഷണമായി ഇന്തോ-പാക് യുദ്ധപ്രതിനിധിയായ ഫൈറ്റര്‍ ജെറ്റ് നിലകൊള്ളുന്നുണ്ട്. രജതജൂബിലി നിറവിലുള്ള സ്ഥാപനത്തില്‍ 16 ഇനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് സംഗീത, നൃത്ത, കലാ പഠനത്തിനുള്ള സൗകര്യം ഇവിടെയുണ്ട്. ഇന്ത്യയിലെ മികച്ച ബാലഭവനുകളിലൊന്ന് എന്ന അംഗീകാരം ഒരിക്കല്‍ ബാലഭവനുണ്ടായിരുന്നു.

രാഷ്ട്രപതിയുടെ ബാലശ്രീ പുരസ്‌കാരം വര്‍ഷങ്ങളായി തൃശ്ശൂര്‍ ബാലഭവനിലെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നു. കുട്ടികളുടെ സര്‍ഗ്ഗാത്മകതയുടെ മാറ്റുരയ്ക്കാന്‍ ഏറ്റവും മികച്ച വേദിയാണ് ഇവിടത്തേത്. വേനലവധിക്കാലത്തെ ക്യാമ്പായ വേനല്‍ക്കൂടാരത്തില്‍ മികച്ച പ്രാതിനിധ്യമാണ് ബാലഭവനില്‍ ഇപ്പോഴുമുണ്ടാകുക. വ്യത്യസ്തമായ പരിപാടികളാണ് ക്യാമ്പില്‍ ഒരുക്കുക. 

എങ്കിലും പഴയ പ്രതാപം ബാലഭവന് നഷ്ടപ്പെട്ടു എന്നൊരു വീക്ഷണവും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബാലഭവന്‍ ജീവനക്കാരുടെ തൊഴില്‍സ്ഥിരതാ പ്രശ്നവും വാര്‍ത്തകള്‍ക്ക് വഴിവെച്ചിരുന്നു. എന്തായാലും കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ജവഹര്‍ ബാലഭവന്‍. 

ഒല്ലൂര്‍ പള്ളിയിലെത്തിയ നെഹ്രു

അറിയുമോ, ഒല്ലൂര്‍ പള്ളിയില്‍ നെഹ്രു മെഴുകുതിരി നാളം തെളിയിച്ചിരുന്നു, 65 വര്‍ഷം മുന്‍പ്. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് സ്വീകരണം നല്‍കിയതിന്റെ 65-ാം വാര്‍ഷികമാണ് നവംബര്‍ 24ന്.

അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 1951ല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രിയെത്തിയത്. അന്ന് നെഹ്രു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് കൂടിയായിരുന്നു. 

പള്ളി വികാരിയായിരുന്ന മോണ്‍.പോള്‍ കാക്കശ്ശേരിയുടെ നേതൃത്വത്തില്‍ ഗംഭീരസ്വീകരണമാണ് ഒരുക്കിയതെന്ന് ചടങ്ങിന് സാക്ഷ്യം വഹിച്ച 88 കാരനായ ഒല്ലൂരിലെ കാട്ടൂക്കാരന്‍ കുഞ്ഞിപ്പാവു ഓര്‍ക്കുന്നു. കൊച്ചിയില്‍നിന്നുള്ള യാത്രാമദ്ധ്യേയാണ് പള്ളിയിലെത്തിയത്.

വലിയ ചടങ്ങായിരുന്നെങ്കിലും പ്രധാനമന്ത്രിയായ നെഹ്രുവിനെ കൂടുതല്‍ സമയം തങ്ങാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. വികാരി കാക്കശ്ശേരിയച്ചന്‍ നല്‍കിയ മെഴുകുതിരി തെളിയിച്ച് പ്രസംഗം ഏതാനും വാക്കുകളില്‍ ഒതുക്കി ആശംസ നേര്‍ന്ന് മടങ്ങി. 

പള്ളിയില്‍ ചടങ്ങിനിടെ ചെറിയൊരു കൈയബദ്ധം സംഭവിക്കാനിരുന്നത് അന്നത്തെ കളക്ടറുടെ ഇടപെടലില്‍ ഒഴിവായതിനെപ്പറ്റി കുഞ്ഞിപ്പാവുവിന് ഓര്‍മ്മയുണ്ട്. വേദിയിലെ വയറിങ് സാമഗ്രികളില്‍ നെഹ്രുവിന്റെ വിരല്‍ അറിയാതെ സ്പര്‍ശിക്കാന്‍ പോകും മുമ്പേ സമീപത്തുണ്ടായ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടു.

നാട്ടിലെ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമൊക്കെയായിരുന്ന കെ.കെ. കുരിയനും ചില സഹപ്രവര്‍ത്തകരുമൊക്കെയാണ് നെഹ്രുവിനെ പള്ളിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. പള്ളി ചരിത്രരേഖകളിലും വളരെ പ്രാധാന്യത്തോടെയാണ് നെഹ്രുവിന്റെ സന്ദര്‍ശനം രേഖപ്പെടുത്തിയിട്ടുള്ളത്.