ബംബ്രാണ അണക്കെട്ടിന്റെ ഷട്ടര്‍ ദ്രവിച്ച നിലയില്‍, കര്‍ഷകര്‍ക്ക് വെള്ളം ലഭിക്കാതായി

Posted on: 23 Dec 2012

കുമ്പള: ഷിറിയ പുഴയില്‍ ബംബ്രാണയില്‍ നിര്‍മിച്ച അണക്കെട്ടിന്റെ മരപ്പലകകള്‍ ദ്രവിച്ചതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. ദ്രവിച്ച പലകയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കൃഷിയാവശ്യത്തിന് കനാലിലൂടെ വെള്ളം ലഭിക്കാത്തതാണ് ഇതിന് കാരണം. 1964ല്‍ നിര്‍മിച്ച അണക്കെട്ട് കുമ്പള, മംഗല്‍പാടി പഞ്ചായത്തുകളിലെ കൃഷിക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളുള്ള പ്രദേശമാണ് ബംബ്രാണ. എന്നാല്‍ മൂന്നു വിളകള്‍ കൃഷിചെയ്തിരുന്ന ഇവിടെ ഇപ്പോള്‍ ഒരു വിളയോടുകൂടി നിര്‍ത്തുന്നു.

ആദ്യകാലത്ത് ഷട്ടറുകള്‍ ഇരുമ്പിന്റേതായിരുന്നു, പിന്നീട് മരപ്പലകകള്‍ സ്ഥാപിച്ചു. അതും ഏതാണ്ട് നശിച്ചിരിക്കുകയാണ്. അടുത്തിടെ മണല്‍ച്ചാക്കുകള്‍ അടുക്കിവെച്ച് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞുനിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ശ്രമത്തെ നാട്ടുകാര്‍ ഇടപ്പെട്ട് തടഞ്ഞു. കോണ്‍ക്രീറ്റ്‌ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. അണക്കെട്ടില്‍നിന്ന് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാലുകള്‍ മണല്‍ മൂടിയ നിലയിലാണ്. ഇത് എല്ലാ വര്‍ഷവും വൃത്തിയാക്കുമെങ്കിലും മഴക്കാലമാകുന്നതോടെ പഴയ നിലയിലാകും. അതിനാല്‍ ഈ ഭാഗവും സിമന്റ്‌ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അണക്കെട്ടിനടുത്ത് കാവല്‍ക്കാരന് താമസിക്കാനായി നിര്‍മിച്ചിരുന്ന ഓടുമേഞ്ഞ കെട്ടിടം കാടുമൂടിക്കിടപ്പാണ്.

More News from Kasargod