ചൂടേറിയ വിഷയങ്ങളുമായി കുട്ടികളുടെ പാര്‍ലമെന്റ്

Posted on: 23 Dec 2012കാസര്‍കോട്: ഡല്‍ഹിയിലെ ഓടുന്ന ബസ്സില്‍ നടന്ന പീഡനം ഉള്‍പ്പെടെ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്ത് കുട്ടികളുടെ പാര്‍ലമെന്റ് ശ്രദ്ധേയമായി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് ജില്ലയിലെ 42 സി.ഡി.എസ്സിന് കീഴിലുള്ള ബാലസഭ കുട്ടികളുടെ പാര്‍ലമെന്റ് നടത്തിയത്. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ 90 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പ്രാദേശികം തൊട്ട് ദേശീയകാര്യങ്ങള്‍ വരെ വിഷയമായി. അഭിസംബോധന ചെയ്യാനെത്തിയ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള എന്നിവരോട് അംഗങ്ങള്‍ അനുഭവങ്ങള്‍ ചോദിച്ചു.

കിനാനൂര്‍-കരിന്തളത്തെ ഫാത്തിമത്ത് ഷാന നസ്‌റിനാണ് പ്രസിഡന്റ്. കള്ളാറിലെ ജിഷ്ണു രവീന്ദ്രന്‍ സ്​പീക്കറും നീലേശ്വരത്തെ ഷാലു മോഹന്‍ ഡെപ്യൂട്ടി സ്​പീക്കറുമായി. ബദിയടുക്കയിലെ സുരജ് കുമാര്‍ പ്രധാനമന്ത്രിയും പെരിയയിലെ ടി.അര്‍ജുന്‍ ആഭ്യന്തരമന്ത്രിയുമായി.

തുരുത്തിയിലെ എം.രാഹുല്‍രാജ്, കുമ്പളയിലെ സിദ്ധാര്‍ഥ്, ചെറുവത്തൂരിലെ രസ്‌ന ടി.രാജന്‍, പിലിക്കോട്ടെ ഹൃദ്യാലക്ഷ്മി എന്നിവര്‍ വിവിധ മന്ത്രിമാരായി. പെരിയയിലെ മഞ്ജിമ ജനാര്‍ദനനായിരുന്നു പ്രതിപക്ഷ നേതാവ്. അനുരാജ് ചെങ്കള സെക്രട്ടറി ജനറലും ആയിരുന്നു. അഡ്വ. മുംതാസ് ഷുക്കൂര്‍, കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പിരിക്ക, രാജു കട്ടക്കയം, നിര്‍മല്‍ കാടകം, സുഭാഷ്, പപ്പന്‍ ബ്ലാത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.


More News from Kasargod