മണ്‍മറഞ്ഞത് ക്ഷേത്രനിര്‍മാണ കുലപതി

Posted on: 23 Dec 2012തൃക്കരിപ്പൂര്‍:ക്ഷേത്ര നിര്‍മാണ മേഖലയിലെ കുലപതിയാണ് ശനിയാഴ്ച തൃക്കരിപ്പൂര്‍ തെക്കുമ്പാട്ട് അന്തരിച്ച ഒളവറ ടി.വി.കുഞ്ഞിരാമന്‍ മേലാശാരി. തൃക്കരിപ്പൂര്‍ തെക്കുമ്പാട് മേഖലയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവായിരുന്ന ഇദ്ദേഹം നിരവധി സമരങ്ങളില്‍ പങ്കെടുത്തിരുന്നു. 60 വര്‍ഷമായി തച്ചുശാസ്ത്രരംഗത്ത് സക്രിയമായിരുന്ന ഇദ്ദേഹത്തിന് 1981ല്‍ തായനേരി കുറഞ്ഞിക്ഷേത്രത്തിന്റെ നിര്‍മാണ വൈദഗ്ധ്യത്തിനാണ് മേലാശാരി പട്ടം ലഭിച്ചത്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ നൈപുണ്യം പരിഗണിച്ച് വിരുതും വീരശൃംഖലയും ശില്പാചാര്യ ബഹുമതിയും ലഭിച്ചു.

ചെന്നൈ അയ്യപ്പന്‍ ക്ഷേത്രം, മുംബൈ മുത്തപ്പന്‍ ക്ഷേത്രം, മുംബൈ ശിപ്പല്‍ മഹാവിഷ്ണുക്ഷേത്രം, കല്പറ്റയിലെ ജൈനക്ഷേത്രം, തായിനേരി തുളുവന്നൂര്‍ ക്ഷേത്രം, ആദികടലായി ശ്രീകൃഷ്ണക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, ബാംഗ്ലൂരിലെ അയ്യപ്പക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, മാഹി ശ്രീകൃഷ്ണക്ഷേത്രം, മുഴപ്പിലങ്ങാട് കുറുമ്പക്ഷേത്രം. പയ്യന്നൂര്‍ വിഠോബക്ഷേത്രം, കാപ്പാട്ട് കഴകം, രാമവില്യം കഴകം, കണ്ണമംഗലം കഴകം, ഉളവറ മുണ്ട്യ, പയ്യക്കാല്‍ ഭഗവതിക്ഷേത്രം തുടങ്ങിയ അനേകം പ്രശസ്ത ക്ഷേത്രങ്ങളില്‍ മേലാശാരിയുടെ കരവിരുത് പതിഞ്ഞിട്ടുണ്ട്.

ക്ഷേത്രങ്ങള്‍ക്കു പുറമെ മുസ്‌ലിം പള്ളികള്‍ക്കും വാസ്തുശാസ്ത്രവിധി ബാധകമാണെന്ന് തെളിയിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ വള്‍വക്കാട് മുസ്‌ലിം ജമാഅത്ത്, തായനേരി മുസ്‌ലിം ജമാഅത്ത് പള്ളി, പള്ളിക്കര ജമാ അത്ത് പള്ളി എന്നിവയുടെ നിര്‍മാണത്തിലും മേലാശാരിയുടെ ശില്പവേലയുടെ പ്രമാണം പ്രയോജനപ്പെടുത്തിയിരുന്നു. കന്നുവീട് കടപ്പുറം, മാടക്കാല്‍, ഉടുമ്പുന്തല പേക്കടം എന്നിവിടങ്ങളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന കുടികിടപ്പ് സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു.

1930 ഏപ്രില്‍ 21ന് തെക്കേവീട്ടില്‍ ശങ്കരന്‍ മേലാശാരിയുടെയും ഏഴോത്ത് പടിഞ്ഞാറ്റപ്പുരയില്‍ കുഞ്ഞാക്കത്തിന്റെയും മകനായി ജനിച്ച അദ്ദേഹം പിതാവില്‍നിന്നുതന്നെയാണ് ശില്പകല പരിശീലിച്ചത്. കുഞ്ഞിരാമന്‍ മേലാശാരിയുടെ നിര്യാണത്തില്‍ സോഷ്യലിസ്റ്റ്ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ അനുശോചിച്ചു. സോഷ്യലിസ്റ്റ് ജനത സംസ്ഥാന ജന. സെക്രട്ടറി പി.കോരന്‍ മാസ്റ്റര്‍ വസതിയിലെത്തി റീത്ത് സമര്‍പ്പിച്ചു.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ നിരവധി ക്ഷേത്ര ഭാരവാഹികളും എച്ച്.എം.എസ്. സംസ്ഥാന കമ്മിറ്റി, വിവിധ സാംസ്‌കാരിക സംഘടനകള്‍ എന്നിവയ്ക്കുവേണ്ടിയും റീത്ത് സമര്‍പ്പിച്ചു.

തെക്കുമ്പാട് നടന്ന സര്‍വകക്ഷി അനുശോചനയോഗത്തില്‍ ടി.വി.ഭാസ്‌കരന്‍ അധ്യക്ഷനായി. പി.കോരന്‍ മാസ്റ്റര്‍. കെ.വി.ഗംഗാധരന്‍, കെ.വി.ലക്ഷ്മണന്‍, കെ.വി.അമ്പു, വി.വി.വിജയന്‍, പി.സി.രാധാകൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍, ഡോ. വി.ജയരാജന്‍, സി.ബാലന്‍, വി.വി.രാഘവന്‍, ഉദിനൂര്‍ സുകുമാരന്‍, എം.പി.പ്രകാശന്‍, വി.വി.കൃഷ്ണന്‍, കെ.കരുണന്‍ മേസ്ത്രി, പി.രാഘവന്‍, ടി.നാരായണന്‍ പണിക്കര്‍, വി.കെ.രവീന്ദ്രന്‍, കെ.വി.രാഘവന്‍, പല്ലവ നാരായണന്‍, കെ.പി.ദിനേശന്‍, എന്നിവര്‍ സംസാരിച്ചു. പി.വി.തമ്പാന്‍ സ്വാഗതം പറഞ്ഞു.

തെക്കുമ്പാട് ജെ.പി.ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് യോഗം അനുശോചിച്ചു. പി.വി.തമ്പാന്‍ അധ്യക്ഷനായി. ടി.വി.കൃഷ്ണന്‍, പി.വി.രാഘവന്‍, പി.രാഘവന്‍, എം.വിനു, വി.വി.വിജയന്‍, ടി.വി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നിര്യാണത്തില്‍ സോഷ്യലിസ്റ്റ്ജനത തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.അമ്പാടി അനുശോചിച്ചു.

സോഷ്യലിസ്റ്റ്ജനത പതിനൊന്നാം വാര്‍ഡ് കമ്മിറ്റിയോഗവും അനുശോചിച്ചു. വി.വി.വിജയന്‍ അധ്യക്ഷനായി. സി.വി.ശശിധരന്‍, ടി.വി.ഭാസ്‌കരന്‍, പി.വി.തമ്പാന്‍, ടി.വി.കൃഷ്ണന്‍, പി.രാഘവന്‍, ടി.വി.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kasargod