ഇന്ന് മംഗലം കുഞ്ഞുങ്ങളുടെ പന്തല്‍ കല്ല്യാണം
Posted on: 04 Feb 2012
കാഞ്ഞങ്ങാട്: കല്ല്യാല്‍ മുച്ചിലോട്ടെ പെരുങ്കളിയാട്ടഭൂമിയിലേക്ക് ശനിയാഴ്ച മംഗലംകുഞ്ഞുങ്ങളെത്തും. സര്‍വൈശ്വര്യ വരദായിനിയായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമംഗലത്തിന്റെ വിളംബരമാണ് മംഗലംകുഞ്ഞുങ്ങളുടെ പന്തല്‍കല്ല്യാണം.
കലശം കുളിച്ച വാല്യക്കാര്‍ കുഞ്ഞുപെണ്‍കുട്ടികളെ ചുമലിലേറ്റി പന്തല്‍കല്ല്യാണത്തിനെത്തും. കഴുങ്ങിന്‍പൂക്കുലയും വെറ്റിലയുമൊക്കെയായെത്തുന്ന പെണ്‍കുരുന്നുകള്‍ കല്ല്യാണവിശേഷത്തോടെുള്ള ആടയാഭരണങ്ങളണിയും. എല്ലാവരും വ്രതശുദ്ധിയിലായിരിക്കും. 400 പെണ്‍കുട്ടികള്‍ പന്തല്‍കല്ല്യാണത്തിനെത്തും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് മംഗലംകുഞ്ഞുങ്ങളുടെ കളിയാട്ടത്തിനുകൂടല്‍ ചടങ്ങ് നടത്തുക. കളിയാട്ടഭൂമിയിലെത്തിയാല്‍ അവര്‍ മുച്ചിലോട്ട് ഭഗവതിയുടെ ശ്രീകോവിലിനെയും ഉപ ദേവതകളെയും വലംവയ്ക്കും.
പെരുങ്കളിയാട്ടത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച രാവിലെമുതല്‍തന്നെ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ മൂന്നുമണിക്ക് പുല്ലൂര്‍ണന്‍ ദൈവത്തിന്റെ പുറപ്പാട് നടന്നു. തുടര്‍ന്ന് വേട്ടയ്‌ക്കൊരുമകനും കണ്ണങ്കാട്ട് ഭഗവതിയും പുല്ലൂരാളിയും രക്തചാമുണ്ഡിയും വിഷ്ണുമൂര്‍ത്തിയും അരങ്ങിലെത്തി. ഞായറാഴ്ചയാണ് പെരുങ്കളിയാട്ടം സമാപനം.
കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടഭൂമിയില്‍ ആനന്ദാശ്രമത്തിലെ സ്വാമി മുക്താനന്ദയെത്തി.
മുച്ചിലോട്ട് ഭഗവതിയുടെ തിരുനടയിലെത്തി ദര്‍ശനം നടത്തിയ അദ്ദേഹം കളിയാട്ട നടത്തിപ്പിനെക്കുറിച്ച് ചോദിച്ചറിഞ്ഞു.
ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.വി.വേണുഗോപാലന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി കെ.അമ്പൂഞ്ഞി, പി.കുഞ്ഞിരാമന്‍, നാരായണന്‍ നിത്യാനന്ദ എന്നിവര്‍ സ്വാമിയെ സ്വീകരിച്ചു.