ഉദുമ: കലാശാലാ ഭരണസമിതികളിലും ഉന്നത സ്ഥാനങ്ങളിലും ലീഗുകാരെ കുത്തിനിറച്ചതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല കലുഷിതമായെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ ജോ. സെക്രട്ടറി എ.എന്‍.ഷംസീര്‍ കുറ്റപ്പെടുത്തി. എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം പള്ളിക്കര പെരിയ റോഡ് കവലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷം വരുംനാളുകളില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്നും മുന്നറിയിപ്പുനല്കി. പി.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു.
അഡ്വ. സി.എച്ച്.കുഞ്ഞമ്പു, കെ.വി.കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍, പി.നാരായണന്‍, ജാസ്മിന്‍, ഗൗരിക്കുട്ടി, പി.പി.സിഡിന്‍, ഷാലി മാത്യു, എന്‍.ടി.വിനീത്, സി.അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പൂച്ചക്കാട്ടുനിന്നാരംഭിച്ച വിദ്യാര്‍ഥിപ്രകടനം പള്ളിക്കരയില്‍ സമാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിനിധിസമ്മേളനം നടക്കും. പി.കരുണാകരന്‍ എം.പി. പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും.