ഗര്‍ഭിണികളായ യാത്രക്കാര്‍ ഭീതിയില്‍ കുഴിനിറഞ്ഞ റോഡിലെ യാത്ര കുരുന്നുജീവനെടുക്കുന്നു

കണ്ണൂര്‍: റോഡുകളിലെ പാതാളക്കുഴികള്‍ ഗര്‍ഭിണികളായ യാത്രക്കാരുടെ പേടിസ്വപ്നമാവുന്നു. വാഹനം കുഴിയില്‍ വീണുണ്ടാവുന്ന ആഘാതത്തില്‍ ഗര്‍ഭസ്ഥശിശുക്കള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഏറ്റവുമൊടുവില്‍ പിലാത്തറയില്‍നിന്ന് ചാലയിലേക്ക് ബസ്സില്‍ യാത്ര ചെയ്ത യുവതിക്കാണ് ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായത്. കഴിഞ്ഞ നവംബര്‍ 12-ന് പടന്നക്കാട്ട് ദേശീയപാതയിലെ കുഴിയില്‍ ബസ് വീണതിനെത്തുടര്‍ന്ന് ഏഴുമാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞുവീണ് ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും റോഡ് ഗതാഗതയോഗ്യമാക്കാന്‍ മാത്രം നടപടിയില്ല.
ശനിയാഴ്ചയാണ് പിലാത്തറ സ്വദേശിനിയായ യുവതി ചാലയിലെ ഭര്‍തൃഗൃഹത്തിലേക്ക് ബസ്സില്‍ യാത്ര ചെയ്തത്. കുഴികളില്‍നിന്ന് കുഴികളിലേക്ക് ചാടുന്ന ബസ്സിലുള്ള യാത്ര കഴിഞ്ഞപ്പോഴേ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. രാത്രി രക്തസ്രാവവും തുടങ്ങിയതോടെ കണ്ണൂര്‍ എ. കെ. ജി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവശയായ യുവതിക്ക് രക്തം നല്‍കേണ്ടിവന്നു. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ ഇവര്‍ക്ക് ഗര്‍ഭസ്ഥശിശുവിനെ നഷ്ടമായി.
കുഴിനിറഞ്ഞ റോഡിലൂടെ ആടിയുലഞ്ഞു പോകുന്ന ബസ്സില്‍ ഗര്‍ഭിണികള്‍ യാത്ര ചെയ്യുന്നത് ഗര്‍ഭസ്ഥ ശിശു നഷ്ടപ്പെടുന്നതിന് കാരണമാകാമെന്ന് എ.കെ.ജി. ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മിനി പി. നായര്‍ പറഞ്ഞു. ആയാസമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഗര്‍ഭിണികളോട് നിര്‍ദേശിക്കുന്നത് ഇക്കാരണത്താലാണ്. പിലാത്തറ സ്വദേശിനിയായ യുവതിയുടെ കാര്യത്തില്‍ അവര്‍ക്ക് നേരത്തെ പ്രശ്‌നമൊന്നുമില്ലാത്തതിനാലാണ് ബസ്സില്‍ യാത്ര ചെയ്യാന്‍ തയ്യാറായത്. യാത്രകഴിഞ്ഞപ്പോള്‍ പ്രശ്‌നമായി. തകര്‍ന്ന റോഡിലൂടെയുള്ള യാത്രയും ഇതിന് ഒരു പ്രധാന കാരണമാണെന്ന് അവര്‍ പറഞ്ഞു. കുഴിനിറഞ്ഞ റോഡിലൂടെ യാത്ര ചെയ്ത ഗര്‍ഭിണികളായ മറ്റുചിലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉദ്യോഗസ്ഥകളായ ഇവരില്‍ പലരും ഇപ്പോള്‍ അവധിയിലാണ്.
നവംബറില്‍ കിനാനൂര്‍ - കരിന്തളം ഓമച്ചേരിയിലെ കല്യാണിയുടെ മകള്‍ സന്ധ്യ(25)യാണ് കുഴിനിറഞ്ഞ റോഡിലൂടെയുള്ള യാത്രയെത്തുടര്‍ന്ന് കുഴഞ്ഞുവീണത്. ഡോക്ടറെ കണ്ട് ബസില്‍ മടങ്ങുമ്പോഴാണ് സംഭവം. പൊട്ടിത്തകര്‍ന്ന റോഡിലെ കുഴിയില്‍ ബസ് പലവട്ടം വീണതോടെ യുവതി വേദന കൊണ്ട് പുളഞ്ഞു. നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ ഉടന്‍ സന്ധ്യ കുഴഞ്ഞുവീണു. യുവതിയെ തേജസ്വിനി ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഇതൊന്നും അധികാരികളുടെ കണ്ണ് തുറപ്പിച്ചിട്ടില്ലെന്ന് സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ വ്യക്തമാവുന്നു.