കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡും പരിസരവും തെരുവുപട്ടികളുടെ താവളമായി മാറിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. കൂട്ടമായി വന്ന് കുരച്ചുചാടുന്ന പട്ടികളെ താണ്ടി വേണം യാത്രക്കാര്‍ക്ക് റയില്‍വേ സ്റ്റേഷനിലും തിരിച്ച് ടൗണിലുമെത്താന്‍.
 
ഒന്നും രണ്ടുമല്ല, മുപ്പതോളം പട്ടികളാണ്‌ റെയില്‍വേസ്റ്റേഷന്‍ പരിസരത്തും റോഡിലും സമീപത്തുള്ള മീന്‍ചന്തയിലുമായി താവളമടിച്ചിരിക്കുന്നത്. അതിരാവിലെയും രാത്രിയിലും തീവണ്ടിയാത്ര കഴിഞ്ഞെത്തുന്നവര്‍ പേടിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. പ്രഭാതസവാരിക്കിറങ്ങുന്നവര്‍ പട്ടികളെ പേടിച്ച് ഈ റോഡിലെ യാത്ര തന്നെ ഉപേക്ഷിച്ചുകഴിഞ്ഞു. പകല്‍സമയങ്ങളില്‍ മീന്‍ചന്തയിലും അടഞ്ഞുകിടക്കുന്ന കടവരാന്തകളിലും പൊന്തക്കാടുകളിലും കഴിയുന്ന പട്ടികള്‍ സന്ധ്യമയങ്ങുന്നതോടെയാണ് റോഡും െറയില്‍വേസ്റ്റേഷന്‍ പരിസരവും കീഴടക്കുന്നത്.
 
തെരുവുപട്ടികള്‍ക്ക് പുറമേ വളര്‍ത്തുപട്ടികള്‍ക്ക് ആരോഗ്യം ക്ഷയിക്കുമ്പോള്‍ ഇവിടെ ഉപേക്ഷിക്കുന്നതും പതിവായിട്ടുണ്ട്. മീന്‍ചന്തയിലെ സുഭിക്ഷമായ അറവുശാലാമാലിന്യങ്ങളാണ് ഇവിടം പട്ടികളുടെ താവളമായി മാറാനുള്ള പ്രധാന കാരണം.