കാസര്‍കോട്: കളക്ടറേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന എ.ഡി.എം. കെ.അംബുജാക്ഷന്റെ കാറിന്റെ പിറകിലെ സീറ്റില്‍ ഒരു വലിയ മൂര്‍ഖന്‍ പാമ്പ്. പാമ്പിനെ കണ്ട ഡ്രൈവര്‍ പരിഭ്രമിച്ച് ഒച്ചവെച്ചു. ജീവനക്കാര്‍ ഓടിക്കൂടി.
 
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ യോഗം കഴിഞ്ഞ ഉദ്യോഗസ്ഥര്‍ തിരിച്ചുപോകുന്ന സമയമായിരുന്നു. കളക്ടര്‍ കെ.ജീവന്‍ബാബു ഉടന്‍ സ്ഥലത്തെത്തി. അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു വിവരമറിഞ്ഞ് പാമ്പുപിടുത്തക്കാരെ വിളിച്ചു. കാണികള്‍ പരിഭ്രമിച്ചുനില്‍ക്കേ മധൂരില്‍ നിന്നെത്തിയ പാമ്പുപിടുത്തക്കാരന്‍ മഹീന്ദ്രവൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.മവീഷ് കുമാര്‍ പാഞ്ഞെത്തി പാമ്പിനെ പിടികൂടി.
 
പിന്നീടാണ് ഇത് മോക്ക്ഡ്രില്‍ ആണെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. ഞായറാഴ്ച ആചരിക്കുന്ന ലോകപാമ്പ്ദിനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ചതായിരുന്നു മോക്ഡ്രില്‍. പാമ്പ് കടിച്ചാല്‍ പരിഭ്രമിക്കാതെ വിഷചികിത്സാകേന്ദ്രത്തില്‍ എത്തിക്കണമെന്ന് ജനറല്‍ ആസ്​പത്രി സൂപ്രണ്ട് ഡോ.കെ.രാജാറാം വിശദീകരിച്ചു. ഭക്ഷണം കഴിക്കരുത്. മുറിവ് വലുതാക്കരുത്. ആസ്​പത്രിയിലേക്കുള്ള വാഹനമെത്തുന്നതുവരെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ജോഷി, ഡയറ്റീഷ്യന്‍ ഉദൈഫ് മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.വി സത്യന്‍, കെ.ഇ.ബിജുമോന്‍, കെ.സുനില്‍കുമാര്‍, പി.വി.ശശിധരന്‍, രാജേഷ്, ഡെപ്യൂട്ടികളക്ടര്‍ എച്ച്.ദിനേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ എന്നിവരും പങ്കെടുത്തു.