പെരിയ: ജൈവകീടനാശിനി പ്രയോഗിച്ചിട്ടും ഫലം കണ്ടില്ല. പാറപ്രദേശത്ത് പച്ചക്കറിക്കൃഷിയിറക്കിയ നാരായണന് വിളവ് നഷ്ടങ്ങള്‍ മാത്രം. ഒരേക്കര്‍ സ്ഥലത്തെ പച്ചക്കറിക്കൃഷിയും കീടബാധ കയറി നശിച്ചനിലയിലാണ്.
കനിംകുണ്ടിലെ വി.നാരായണന് സ്വന്തമായി കൃഷിയിടമില്ലെങ്കിലും 15 വര്‍ഷമായി കൃഷിയുണ്ട്. ഒഴിച്ചിട്ട സ്ഥലങ്ങള്‍ പാട്ടത്തിനെടുത്താണ് പച്ചക്കറി കൃഷിചെയ്യുന്നത്. ഇത്തവണ കനിംകുണ്ടിലെ പാറപ്രദേശത്തെ കാട് വെട്ടിത്തെളിച്ചാണ് മണ്ണുള്ള ഇടങ്ങളില്‍ പച്ചക്കറി കൃഷിചെയ്തത്.
പയര്‍, പാവക്ക, വെണ്ട, നരമ്പന്, കക്കിരി തുടങ്ങിയവയെല്ലാം കൃഷിചെയ്തിരുന്നു. വിളവെടുപ്പിന് പാകമാവും മുന്‍പേ ഇലകള്‍ മഞ്ഞളിച്ച് തുടങ്ങിയിരുന്നു.
കീടങ്ങളെ തുരത്താന്‍ വെളുത്തുള്ളിയും വെല്ലവും സോപ്പും ചേര്‍ത്ത മിശ്രിതം ചേര്‍ത്ത് തളിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് മറ്റ് ജൈവ കീടനാശിനികളും ഉപയോഗിച്ചെങ്കിലും ഗുണമുണ്ടായില്ല. വെള്ളരി മുഴുവന്‍ പറിച്ചെടുത്ത് വീട്ടില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
പഴുപ്പ് കയറിയതുകൊണ്ട് ആരും എടുക്കാന്‍ തയ്യാറായില്ല. കാട് നീക്കാനും മണ്ണ് ഇളക്കാനും മറ്റുമായി നാല്പതിനായിരത്തോളം രൂപ ചെലവ് വന്നു. പച്ചക്കറിക്കൃഷിക്ക് സഹായത്തിനായി കൃഷിഭവനില്‍ അപേക്ഷ നല്‍കിയിരുന്നു.
കൃഷിവകുപ്പിന്റെ സഹായങ്ങള്‍ ലഭിച്ചാല്‍ നഷ്ടം പാതികണ്ട് കുറയുമെന്ന് നാരായണന് പറയുന്നു.