ചെറുവത്തൂർ: അക്ഷരവെളിച്ചത്തിലേക്ക് പിച്ചവെച്ച് കുരുന്നുകള്‍ വിജയദശമിനാളില്‍ ആദ്യക്ഷരം കുറിച്ചു.
 
ക്ഷേത്രങ്ങളിലും തറവാടുകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു. ആചാര്യന്‍മാര്‍ നാവിന്‍തുമ്പില്‍ സ്വര്‍ണമോതിരം കൊണ്ട് ഹരിശ്രീ കുറിച്ച ശേഷം അരിയിലെഴുതിച്ചു.

വിജയദശമി ദിവസം ക്ഷേത്രങ്ങളിലെല്ലാം ഭക്തജനത്തിരക്കായിരുന്നു. ദുര്‍ഗാഷ്ടമിനാളില്‍ പൂജയ്ക്കുവെച്ച ഗ്രന്ഥങ്ങളും ഉപകരണങ്ങളുമെല്ലാം മഹാനവമിപൂജയ്ക്ക് ശേഷം വിജയദശമിദിനത്തില്‍ തിരിച്ചെടുത്തു.
 
പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, എച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രം, കുട്ടമത്ത് ഭഗവതിക്ഷേത്രം, താഴത്തെ മട്ടലായി ശ്രീരാമക്ഷേത്രം, പലിയേരി മുകാംബികാക്ഷേത്രം, ക്ലായിക്കോട് മുഴക്കോം പാറമ്മല്‍ ഭഗവതിക്ഷേത്രം ഗോശാല ശ്രീകൃഷ്ണക്ഷേത്ര സമുച്ചയം, കുട്ടമത്ത് ഭഗവതിക്ഷേത്രം, മയ്യിച്ച-വയല്‍ക്കര ഭഗവതിക്ഷേത്രം, കണ്ണങ്കൈ പൊള്ള മുത്തപ്പന്‍മടപ്പുര എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ നടന്നു.
 
പിലിക്കോട് രയരമംഗലം ഭഗവതിക്ഷേത്രത്തില്‍ മേല്‍ശാന്തി സുരേഷ് നമ്പൂതിരിയും മയ്യിച്ച-വെങ്ങാട്ട് വയല്‍ക്കര ക്ഷേത്രത്തില്‍ എഴുത്തുകാരി സി.പി.ശുഭയും കണ്ണങ്കൈ-പൊള്ള മുത്തപ്പന്‍ മടപ്പുരയില്‍ പി.പി.മാധവന്‍ പണിക്കരും കുരുന്നുകളുടെ നാവില്‍ സ്വര്‍ണമോതിരത്താല്‍ ആദ്യക്ഷരം കുറിച്ചു.