കാഞ്ഞങ്ങാട്: കര്‍ക്കടകത്തിലും ചിങ്ങത്തിലും അനുഭവപ്പെട്ട വറുതിയില്‍നിന്ന് കടപ്പുറത്തിന് അല്‍പ്പം ആശ്വസമേകി മീന്‍കോള്.
 
കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് കരയോടുചേര്‍ന്ന് വലവീശീയ തോണിക്കാര്‍ക്കാണ് തിങ്കളാഴ്ച വട്ടിനിറയെ മത്തികിട്ടിയത്. കഴിഞ്ഞ രണ്ടുമാസമായി കടലില്‍പ്പോകുന്ന തോണിക്കാര്‍ക്ക് കൂലിക്ക് തികയുന്ന മീന്‍പോലും കിട്ടിയിരുന്നില്ല.

മറുനാട്ടില്‍നിന്നെത്തുന്ന ബോട്ടുകാര്‍ നടത്തുന്ന അശാസ്ത്രീയ മീന്‍പിടുത്തമാണ് മീന്‍കുറയാന്‍ ഇടയാക്കിയതെന്നാണ് തോണിക്കാര്‍ പറയുന്നത്.
 
തെങ്ങിന്‍കുലച്ചിലും പ്ലാസ്റ്റിക് മാലിന്യവും ആഴക്കടലില്‍ കെട്ടിത്താഴ്ത്തി നടത്തുന്ന ബോട്ടുകാരുടെ സംഘംചേര്‍ന്നുള്ള മീന്‍പിടുത്തം കടലിലെ ആവാസവ്യവസ്ഥയെത്തന്നെ തകിടംമറിച്ചതായാണ് തോണിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

പരല്‍മീനുകളെയടക്കം നശിപ്പിക്കുന്നരീതിയിലുള്ള അശാസ്ത്രീയ മീന്‍പിടുത്തത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കടപ്പുറത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളിമേഖല കൂടതല്‍ പ്രതിസന്ധിയില്‍ നീങ്ങുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.