നാട്ടുകാര്‍ക്ക് ആശങ്ക; ഉപ്പുവെള്ളം തടയാന്‍ നിര്‍മിച്ച അണക്കെട്ട് ഫലപ്രദമായില്ല

Posted on: 23 Dec 2012തളിപ്പറമ്പ്:പട്ടുവം മാണുക്കര പ്രദേശത്ത് ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മിച്ച 'അണക്കെട്ട്' ഫലപ്രദമായില്ല. പാലമൃത് തോടിലാണ് അണക്കെട്ട് നിര്‍മിച്ചത്. നിര്‍മാണം മിക്കവാറും പൂര്‍ത്തിയാക്കിയെങ്കിലും ഉപ്പുവെള്ളം തടയാനുള്ള പ്രവൃത്തി മാത്രം പൂര്‍ത്തിയാക്കിയില്ല. അണക്കെട്ടിനകത്ത് പ്രത്യേകം നിര്‍മിച്ച ഭാഗത്ത് പലകകളും മണ്ണുമിട്ടാണ് ഉപ്പുവെള്ളം തടയേണ്ടത്. എന്നാല്‍, ഈ പ്രവൃത്തി പൂര്‍ത്തിയാക്കിയതേയില്ല.

വയല്‍കൃഷി കൂടുതലായുള്ള പട്ടുവത്ത് ഉപ്പുവെള്ളം കയറുന്നതു മൂലമുള്ള കെടുതികള്‍ കൂടുതലാണ്. ഉപ്പ് ചുവകാരണം കുടിവെള്ളം കിട്ടാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ ഒട്ടേറെയാണ്. അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. കാവുങ്കല്‍, മംഗലശ്ശേരി, മാണുക്കര തുടങ്ങി മൂന്നു കിലോമീറ്ററിലുള്ളവര്‍ കടുത്ത ഉപ്പുവെള്ള ഭീഷണിയിലാണ്.

രണ്ടാം വിളയായി ഉഴുന്ന് കൃഷി ചെയ്തവരും ഉപ്പുവെള്ളക്കെടുതി കാരണം ആശങ്കയിലാണ്.

More News from Kannur