സര്‍ക്കാര്‍ സി.പി.എമ്മിനെ വേട്ടയാടുന്നു - പിണറായി

Posted on: 23 Dec 2012



മാലൂര്‍:കേരളത്തില്‍ ക്രിമിനലുകള്‍ വാഴുകയാണെന്നും കൊള്ളയും പിടിച്ചുപറിയും വിലക്കയറ്റവും കാരണം ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പോലീസുകാരനെ കൊന്ന കള്ളനെ പിടിക്കാന്‍പോലും യു.ഡി.എഫ്. ഭരണത്തില്‍ സാധിക്കുന്നില്ല. സി.പി.എമ്മിനെ വേട്ടയാടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. ഉരുവച്ചാലില്‍ പഴശ്ശി രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം കെ.പി.സജീവന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു. ഡല്‍ഹിയില്‍ ബസ്സില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് റാലി നടത്തിയവര്‍ക്കെതിരെ പോലീസ് ക്രൂരമായ മര്‍ദ്ദനമുറകളാണ് അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറുകളാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധസമരങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ നടത്തുമെന്ന് പിണറായി പറഞ്ഞു. പി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. കെ.കെ ശൈലജ ടീച്ചര്‍, പി.ജയരാജന്‍, പി.പുരുഷോത്തമന്‍, കെ.ടി.ചന്ദ്രന്‍ മാസ്റ്റര്‍, കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, എ.കെ.ഹരീന്ദ്രനാഥ്, പി.എം.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kannur