കെട്ടിടം ഒഴിപ്പിക്കല്‍; വ്യാപാരി സംഘടനയുടെ നിലപാടിനെതിരെ ഉടമയും മക്കളും

Posted on: 23 Dec 2012ഇരിട്ടി: നഗരത്തിലെ ഒരു വ്യാപാരിയെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കെട്ടിടം ഉടമകള്‍ക്കും പോലീസിനുമെതിരെ വ്യാപാരി സംഘടനകള്‍ നടത്തുന്ന പ്രചാരണം നീതികേടാണെന്ന് കെട്ടിടം ഉടമകളും മക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു. രോഗംമൂലം കടക്കെണിയിലായ കെട്ടിടം ഉടമയുടെ കുടുംബത്തിന്റെ ദയനീയസ്ഥിതി മനസ്സിലാക്കാതെയുള്ള പ്രചാരണമാണ് വ്യാപാരിസംഘടനയുടെ പേരില്‍ നടത്തുന്നത്.

2008 നവംബര്‍ 12മുതല്‍ 11 മാസത്തേക്ക് ദിവസവാടക നിശ്ചയിച്ച് താത്കാലികമായി കച്ചവടം നടത്താനാണ് കെട്ടിടം കൈമാറിയതെന്ന് കെട്ടിടം ഉടമ കെ.സി.നിര്‍മലയും മക്കളായ ലെനിത്തും സനിത്തും പറഞ്ഞു.

നേരത്തെ ഇവിടെ കച്ചവടം നടത്തിയിരുന്നത് ഉടമയാണ്. മകന് വൃക്കരോഗം ബാധിച്ചപ്പോള്‍ താത്കാലികമായി നടത്താനാണ് കെട്ടിടം കൈമാറിയത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ മകന്‍ സനിത്തിന് മറ്റു ജോലികള്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് കച്ചവടം നടത്താനായി കെട്ടിടം ഒഴിഞ്ഞുതരാന്‍ പറഞ്ഞതെന്നും നിര്‍മല പറഞ്ഞു. മകന്റെ ചികിത്സക്കായി പ്രതിമാസം 10,000ത്തോളം രൂപ വേണ്ടിവരുന്നതുകൊണ്ട് കുടുംബം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ കാര്യങ്ങള്‍ വ്യക്തമാക്കി കെട്ടിടം ഒഴിഞ്ഞുതരാന്‍ പറഞ്ഞപ്പോള്‍ നാലുവര്‍ഷമായി കുടുംബത്തെ കബളിപ്പിക്കുകയായിരുന്നു. കോടതിയില്‍ പോകാനുള്ള സാമ്പത്തികപ്രയാസം കണക്കിലെടുത്താണ് പ്രശ്‌നം രമ്യമായി തീര്‍ക്കുന്നതിന് പലരുടെയും സഹായം തേടിയത്. ഇത് വിജയിക്കാഞ്ഞതിനെത്തുടര്‍ന്നാണ് ഇരിട്ടി സി.ഐ.യ്ക്ക് പരാതി നല്‍കിയത്. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ കെട്ടിടം ഉടമയെയും കടയുടമയെയും വിളിപ്പിക്കുകയായിരുന്നു. കടയുടമയോടൊപ്പം സി.ഐ. ഓഫീസില്‍ വന്ന വ്യാപാരി നേതാവ് സി.ഐ.യോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു.

മകന്റെ ചികിത്സക്കായി കിടപ്പാടംപോലും പണയപ്പെടുത്തി ഒരു നിവൃത്തിയുമില്ലാതായപ്പോഴാണ് പോലീസ്‌സഹായം തേടിയത്. വ്യാപാരിനേതാക്കള്‍ പറയുന്നതുപോലെ കേസിനു പോകാനുള്ള സാഹചര്യമില്ലെന്നും നിര്‍മലയും മക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു.

More News from Kannur