മുഴപ്പിലങ്ങാട് ബീച്ച് നിയന്ത്രണങ്ങളോടെ ഇന്ന് തുറക്കും

Posted on: 23 Dec 2012കണ്ണൂര്‍: വാഹനാപകടത്തെത്തുടര്‍ന്ന് അടച്ചിട്ട മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് ഞായറാഴ്ച മുതല്‍ തുറക്കും. കെ.കെ.നാരായണന്‍ എം.എല്‍.എ. യുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങളോടെ ബീച്ച് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ടോള്‍ ബൂത്ത് സ്ഥാപിച്ച് ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാനും വാഹനങ്ങള്‍ക്ക് വേഗപരിധി ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 25 മുതല്‍ തന്നെ നിയന്ത്രണം ഉണ്ടാകും. ബീച്ചില്‍ വാഹനങ്ങള്‍ 20 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തല്‍ സഞ്ചരിക്കാന്‍ പാടില്ല. രാവിലെ ആറുമുതല്‍ രാത്രി ഒമ്പതുവരെ മാത്രമേ വാഹനങ്ങള്‍ ബീച്ചിലേക്ക് പ്രവേശിക്കാവൂ. മദ്യപിച്ച് വാഹനമോടിക്കുന്നതും അമിതവേഗവും കര്‍ശനമായി തടയുമെന്നും നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. ബീച്ചില്‍ ഡ്രൈവിങ് പരിശീലനം അനുവദിക്കില്ല.

ബൈക്കുകള്‍ക്ക് 10 രൂപയും കാറുകള്‍ക്ക് 20 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 50 രൂപയും ടോള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

സാമൂഹവിരുദ്ധ ശല്യം തടയാനും സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും പോലീസ് സംവിധാനം ശക്തമാക്കും. നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. വാഹനമോടിക്കാനുള്ള സ്ഥലം പ്രത്യേകം തിരിക്കുന്ന കാര്യം തീരുമാനിക്കും. സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെ യോഗം ചുമതലപ്പെടുത്തി.

നിബന്ധനകള്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോ പ്രവേശന കവാടത്തിലും സ്ഥാപിക്കും. ഡ്രൈവ് ഇന്‍ ബീച്ച് എന്ന ഖ്യാതി നിലനിര്‍ത്തുന്നതിനൊപ്പം സഞ്ചാരികള്‍ക്ക് സൈ്വരമായി ഉല്ലസിക്കാനുള്ള സാഹചര്യവും ഉറപ്പാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഭാസ്‌കരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സിന്ധു, എസ്.ഐ. കെ. കുഞ്ഞികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

More News from Kannur