ഹൈടെക് കൃഷിരീതിക്ക് കേരളം ഒരുങ്ങുന്നു

Posted on: 23 Dec 2012കണ്ണൂര്‍: ആപ്പിളും മുന്തിരിയും മാത്രമല്ല സംസ്ഥാനത്ത് ഫലപ്രദമായി വിളയിക്കാനാവില്ലെന്ന് കരുതിയ എല്ലാ ഫലങ്ങളും ഹൈടെക് കൃഷിരീതിയിലൂടെ കേരളത്തില്‍ വിളയിക്കാമെന്നും ഇതിനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ടെന്നും കൃഷിവിദഗ്ധര്‍. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ ശാന്തിഗിരി ആശ്രമവും ഹരിത ഓര്‍ഗാനിക് ഫാംസും സംഘടിപ്പിച്ച പരിശീലനത്തിലാണ് ഇത്തരമൊരു സാധ്യത ചൂണ്ടിക്കാണിച്ചത്.

കൃഷിഭൂമിയുടെ കുറവും തൊഴിലാളിക്ഷാമവും അലട്ടുന്ന കേരളത്തില്‍ ഹൈടെക് ഫാമിങ്ങിനാണ് വരുംകാലത്ത് സാധ്യത. കാലാവസ്ഥ കൃത്രിമമായി ക്രമീകരിക്കുകയാണ് ഇതിലൂടെ പ്രധാനമായും ചെയ്യുന്നത്. യുവതലമുറയെ കൃഷിയിലേക്ക് നയിക്കാന്‍ പുതിയ സാങ്കേതികവിദ്യയെ കൂട്ടിയിക്കണമെന്ന് പരിശീലനം നയിച്ച സി.ഹരിഹരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹരിതമിത്ര അവാര്‍ഡ് ജേതാവാണ് ഹരിഹരന്‍.

ഹൈടെക് ഫാമിങ്ങിലൂടെ ആയിരം ചതുരശ്ര അടി കൃഷി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. പോലീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. അധ്യക്ഷനായി. സ്വാമി അര്‍ച്ചിത് ജ്ഞാനതപസ്വി, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ചന്ദ്രന്‍, ഡോ. എം.മുരളീധരന്‍, സ്വാമി ഗുരു സവിത് ജ്ഞാനതപസ്വി എന്നിവര്‍ സംസാരിച്ചു.

More News from Kannur