ടി.കെ.രജീഷിനെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം -സി.പി.എം.

Posted on: 23 Dec 2012കണ്ണൂര്‍: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ടി.കെ.രജീഷിനെ ജയില്‍ അധികാരികളുടെ ഒത്താശയോടെ പീഡിപ്പിച്ച ഡിവൈ.എസ്.പി. ഷൗക്കത്തലിക്കും ജയില്‍വാര്‍ഡനുമെതിരെ നടപടി എടുക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ജയകൃഷ്ണന്‍ വധക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 17, 18, 19, 21 തീയതികളില്‍ ജയില്‍ സൂപ്രണ്ടിന്റെ മുന്നില്‍വെച്ച് രജീഷിനെ ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചത്. എന്നാല്‍, ജയില്‍ സൂപ്രണ്ട് 17, 18 തീയതികളില്‍ ജയിലില്‍ ഉണ്ടായിരുന്നിട്ടും ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്തില്ല.

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം ഇല്ലാതെയാണ് പോലിസ് ചോദ്യംചെയ്യാന്‍ തയ്യാറായത്. ജയില്‍ അധികാരികളില്‍ ചിലരുടെ ഒത്താശയോടെ ചോദ്യം ചെയ്യലിന്റെ പേരില്‍ മര്‍ദിക്കുകയും തങ്ങള്‍ ഉദ്ദേശിക്കുന്ന മൊഴി പറയിപ്പിക്കുന്നതിന് ഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി.

കോടതിയില്‍ പരാതിപ്പെട്ടാല്‍ നിന്റെ നാവ് ചലിക്കാതാക്കും, പോലീസ് കസ്റ്റഡിയില്‍ വാങ്ങി കെട്ടിത്തൂക്കി അടിക്കും എന്നൊക്കെ ഷൗക്കത്തലി ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ ജയില്‍ വാര്‍ഡന്‍ സന്തോഷും തന്നെ മര്‍ദിച്ചതായാണ് രജീഷ് പരാതിപ്പെട്ടിട്ടുള്ളത്. കോടതിയുടെ കസ്റ്റഡിയില്‍ ഉള്ള പ്രതിയെയാണ് പോലീസും ജയില്‍ അധികാരികളും ചേര്‍ന്ന് മര്‍ദിച്ചത്.

ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കും. ഇതിനെതിരെ നിയമപരമായ മറ്റ് നടപടികള്‍ സ്വീകരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്- സെക്രട്ടേറിയറ്റ് പറഞ്ഞു.

More News from Kannur