നവാഹസത്രം: ഘോഷയാത്രകള്‍ ആരംഭിച്ചു

Posted on: 23 Dec 2012ഇരിക്കൂര്‍: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെ അഖിലഭാരത ദേവീഭാഗവത നവാഹ സത്രവുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍ക്ക് ശനിയാഴ്ച തുടക്കമായി.

പ്രധാനമായും അഞ്ച് ഘോഷയാത്രകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഘോഷയാത്രകള്‍ 26ന് മൂന്നുമണിക്ക് ഇരിക്കൂര്‍ പാലത്തിനു സമീപം സന്ധിച്ച് സത്ര സ്ഥാനമായ ശ്രീചക്രപുരിയിലേക്ക് പുറപ്പെടും. മാതൃസമിതിയുടെ കലവറനിറയ്ക്കല്‍ ഘോഷയാത്രയും അതോടൊപ്പം ചേരും.

മൊടപ്പിലാപ്പള്ളി മനയില്‍നിന്നുള്ള ദേവീ വിഗ്രഹഘോഷയാത്ര, കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ നിന്നുള്ള മൂലഗ്രന്ഥ ഘോഷയാത്ര, മുംബൈ ഡോംബി വ്‌ലിയില്‍നിന്നുള്ള കൊടിക്കൂറ ഘോഷയാത്ര, മാനന്തവാടി ഗണപതിവട്ടം ക്ഷേത്രത്തില്‍ നിന്നുള്ള ധ്വജഘോഷയാത്ര, ആരൂഢസ്ഥാനമായ കണ്ണങ്കോട് മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നുള്ള ദീപജ്യോതി പ്രയാണം എന്നിവയാണ് അണിചേരുന്ന പ്രധാന ഘോഷയാത്രകള്‍. മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.കെ.ചൂളിയാട്, പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ എന്നിവരാണ് ഘോഷയാത്രകള്‍ നയിക്കുന്നത്.

സത്രസന്ദേശം പ്രചരിപ്പിക്കുന്നതിനായി നടത്തിയ നവദിന പ്രഭാഷണ പരമ്പരയ്ക്ക് സമാപനമായി. ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി, കെ.കെ.ചൂളിയാട്, പി.എസ്.മോഹനന്‍ കൊട്ടിയൂര്‍, സുരേഷ് കാക്കയങ്ങാട്, മുരളീധരന്‍ പട്ടാന്നൂര്‍, ടി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രഭാഷണം നയിച്ചു.

സമാപനയോഗത്തില്‍ കെ.കെ.ചൂളിയാട് അധ്യക്ഷനായി. വിനയകുമാര്‍ മണത്തണ, പി.എസ്.മോഹനന്‍ കൊട്ടിയൂര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.മുരളീധരന്‍, മാതൃസമിതി സെക്രട്ടറി ശ്രീദേവി മട്ടന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kannur