സ്‌കൂള്‍മുറ്റത്തെ വാഴകള്‍ കുലച്ചു; ആഹ്ലാദത്തോടെ 'സീഡ്' വിദ്യാര്‍ഥികള്‍

Posted on: 17 Sep 2012ചെറുപുഴ: സ്‌കൂള്‍മുറ്റത്തെ ഏത്തവാഴകള്‍ കുലച്ചതിന്റെ ആഹ്ലാദത്തിലാണ് പുളിങ്ങോം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീഡ് പരിസ്ഥിതി ക്ലബ് വിദ്യാര്‍ഥികള്‍. അമ്പതോളം ഏത്തവാഴകളാണ് പുളിങ്ങോം സ്‌കൂളിന്റെ മുറ്റത്ത് സീഡ് വിദ്യാര്‍ഥികള്‍ നട്ടത്. പകുതിയിലേറെയും കുലച്ചുകഴിഞ്ഞു. പരിസ്ഥിതിക്കിണങ്ങുംവിധം കീടനാശിനികള്‍ ചേര്‍ക്കാതെ ചാരം മാത്രമിട്ടായിരുന്നു കൃഷി.

വേനല്‍ക്കാലത്ത് വെള്ളമൊഴിക്കാനുള്ള ചുമതല സീഡ് ക്ലബംഗങ്ങളായ ഗൗതം വി.എസ്സിനും വിക്ടര്‍മാനുവലിനുമായിരുന്നു. ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടവും കഞ്ഞിവെള്ളവും പച്ചിലകളും ചാരവുമാണ് വളമായി നല്കിയത്. സീഡ് ക്ലബ് അംഗങ്ങളെ അഞ്ച് സ്‌ക്വാഡുകളായിത്തിരിച്ച് അഞ്ചുദിവസത്തെ പരിപാലന ച്ചമുതല നല്കി. സീഡ് പോലീസ് സംരക്ഷണച്ചുമതല ഏറ്റെടുത്തു. മഞ്ഞനിറത്തിലുള്ള ബാഡ്ജ് അണിഞ്ഞ സീഡ് പോലീസും മഞ്ഞയും പച്ചയും നിറത്തിലുള്ള ബാഡ്ജ് ധരിച്ച സീഡ് ഇന്‍സ്‌പെക്ടര്‍മാരും പരിചരണത്തിലും ശ്രദ്ധിച്ചു. പച്ച നിറത്തിലുള്ള ബാഡ്ജ് അണിഞ്ഞ പ്ലാസ്റ്റിക് വിരുദ്ധ-ഹരിതസേനയും പരിചരണം നല്കി. ഇടവിളയായി കപ്പയും ചേനയും നട്ട് വാഴത്തോട്ടം വിപുലീകരിക്കാനുള്ള തീരുമാനത്തിലാണ് ക്ലബ്ബംഗങ്ങള്‍.

വി.എസ്.ഷിജിത്ത്, കെ.പി.പ്രിന്‍സ്, ഷൈബിന്‍ സാബു, പി.വി.ജിന്‍േറാ തുടങ്ങിയവരാണ് ക്ലബ്ബ് ഭാരവാഹികള്‍. അധ്യാപകരായ പി.കെ.രാമചന്ദ്രന്‍, പി.പി.ദ്രൗപതി, എം.വി.മേരി, കെ.പി.പ്രേമലത, ജോബി ജോസഫ് എന്നിവരും നേതൃത്വം നല്കുന്നു. പ്രധാനാധ്യപിക ത്രേസ്യാമ്മ ജോസഫ് എല്ലാവിധ പ്രോത്സാഹനങ്ങളും നല്കുന്നുണ്ട്.


More News from Kannur