കണ്ണൂര്‍: കണ്ണൂര്‍ സി.ഐ. സുകുമാരന്റെ സാന്നിധ്യത്തില്‍ സ്വന്തം നിക്ഷേപമായിരുന്ന അഞ്ചുലക്ഷത്തിന്റെ ചെക്ക് ബുദ്ധിവളര്‍ച്ചയില്ലാത്ത മകന്‍ കപിലിനെ ചേര്‍ത്തുനിര്‍ത്തി വാങ്ങുമ്പോള്‍ സേതുമാധവന്‍ എന്ന പഴയ ഫുട്‌ബോളര്‍ വല്ലാതായി. ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്റെ പണം കിട്ടുമെന്ന് -അദ്ദേഹം പറഞ്ഞു. മങ്ങിയ കണ്ണുകളില്‍ അപ്രതീക്ഷിതമായി ഒരു ഗോള്‍ പിറന്ന സംതൃപ്തി.
ബാംഗ്ലൂരില്‍ ഭാരത് ഇലക്ട്രിക്കലില്‍ ഉദ്യോഗസ്ഥനായിരുന്നു സേതുമാധവന്‍ എന്ന കണ്ണൂരിലെ പഴയകാല ഫുട്‌ബോളര്‍. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് മാനസിക വളര്‍ച്ചയില്ലാത്ത യുവാവായ മകനെയും കൂട്ടി നാട്ടിലെത്തുമ്പോള്‍ ബാംഗ്ലൂരിലെ വീട് വിറ്റുകിട്ടിയ വകയില്‍ 32 ലക്ഷം രൂപയും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. എളയാവൂര്‍ കോളനിക്ക് സമീപം ഒരു വീട് വാങ്ങിയശേഷം ബാക്കിവന്ന 12 ലക്ഷം ബന്ധുവിന്റെ സഹായത്തോടെ ബാങ്കില്‍ നിക്ഷേപിച്ചു. പിന്നിട് സേതുമാധവന്റെ തുകയുടെ നല്ലൊരുപങ്കും ബന്ധു സ്വന്തം ആവശ്യത്തിന് കൈക്കലാക്കുകയായിരുന്നു. മകന് അസുഖം കൂടി, ആരും സഹയിക്കാനില്ലാതെ ഒറ്റപ്പെട്ട് കാടുപിടിച്ച വീട്ടില്‍ ദുരിതസ്ഥിതിയില്‍ ജീവിക്കേണ്ട ഗതികേടിലായി സേതുമാധവന്‍. ബാങ്കില്‍ പണം ഉണ്ടായിട്ടും അത് ലഭിക്കാതെ മകന് ഭക്ഷണത്തിനായി ബേക്കറിയില്‍നിന്നും മറ്റും തള്ളുന്ന പഴയ പലഹാരങ്ങള്‍ ചോദിച്ചുവാങ്ങി കൊടുക്കേണ്ടിവരുന്ന പഴയ ഫുട്‌ബോളറുടെ ദയനീയസ്ഥിതി 'മാതൃഭൂമി'യില്‍നിന്ന് വായിച്ചറിഞ്ഞാണ് പ്രശ്‌നത്തില്‍ കണ്ണൂര്‍ സി.ഐ. സുകുമാരന്‍ ഇടപെടുന്നത്. ജില്ലാ പഞ്ചായത്തംഗം പി.മാധവനാണ് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അദ്ദേഹം സേതുമാധവനില്‍നിന്ന് പരാതി എഴുതിവാങ്ങി പോലീസിന് കൈമാറി.
അതിനിടെ സേതുമാധവന്റെ സ്ഥിതി 'മാതൃഭൂമി'യില്‍ വായിച്ചറിഞ്ഞ് ബാംഗ്ലൂരിലെ സഹപ്രവര്‍ത്തകര്‍ 1.07 ലക്ഷം രൂപയും ജില്ലയിലെ ഒരു സ്‌പോര്‍ട്‌സ്‌ക്ലബ് 10,000 രൂപയും സഹായിച്ചിരുന്നു.
പോലീസ് അന്വേഷണത്തില്‍ സേതുമാധവന്റെ പേരിലുണ്ടായിരുന്ന പണത്തിന്റെ വലിയെരു ഭാഗം ബന്ധു ആരുമറിയാതെ പിന്‍വലിച്ചതായി കാണപ്പെട്ടു. കുറച്ച് പണം സേതുമാധവനുവേണ്ടി ചെലവാക്കിയതായി അയാള്‍പറഞ്ഞു. ബാക്കിവന്ന അഞ്ചുലക്ഷം രൂപ തിരിച്ചുകൊടുക്കാന്‍ കരാറാക്കുകയായിരുന്നു. വെള്ളിയാഴ്ച ജില്ലാ പഞ്ചായത്തംഗം പി.മാധവന്‍ സി.ഐ. സുകുമാരനില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി സേതുമാധവന് കൈമാറി.
പണം സേതുമാധവന്റെ പേരില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിക്കും. അതിന്റെ പലിശ നിത്യച്ചെലവിന് ഉപയോഗിക്കും. അതിനിടെ കുടുംബത്തെ തോട്ടടയിലെ അഭയനികേതനിലേക്ക് മാറ്റാനുള്ള പദ്ധതിയും ഉണ്ടെന്ന് പി.മാധവന്‍ പറഞ്ഞു.