മുസ്‌ലിംലീഗ് കോണ്‍ഗ്രസ്സിന്റെ 'ബി' ടീമായി മാറി-പ്രൊഫ. മുഹമ്മദ് സുലൈമാന്‍

Posted on: 04 Feb 2012




കണ്ണൂര്‍: മുസ്‌ലിംലീഗ് കോണ്‍ഗ്രസ്സിന്റെ ബി ടീമായി മാറിയിരിക്കുകയാണെന്ന് ഐ.എന്‍.എല്‍. ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഐ.എന്‍.എല്‍. ഉത്തര മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോണിയാഗാന്ധിയും മന്‍മോഹന്‍ സിങ്ങും പറയുന്നതിനപ്പുറം ഒരു രാഷ്ട്രീയ നയം മുസ്‌ലിംലീഗിനില്ല. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പൊതു പ്രശ്‌നങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്ന ലീഗ് ന്യൂനപക്ഷ ഹൃദയങ്ങളില്‍നിന്ന് അകന്നുകഴിഞ്ഞതായും പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

നെറികേടിന്റെ കൂടാരമാണ് കോണ്‍ഗ്രസ് ഭരണം. ലോക്പാല്‍ ബില്‍ നടപ്പായാല്‍ ലീഗ്മന്ത്രിമാരടക്കം എല്ലാ മന്ത്രിമാരും ജയിലിലാകും. ലോക്പാല്‍ ബില്‍ വരുന്നത് നല്ല കാര്യമാണ്. പക്ഷേ, അതിനെ ഭയക്കുന്ന കോണ്‍ഗ്രസ് അത് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്. ഇപ്പോള്‍ ലോക്പാല്‍ ബില്ലല്ല ജോക്പാല്‍ ബില്ലാണ് തയ്യാറാക്കിയിട്ടുള്ളത്. അഴിമതിക്കുനേരെ കണ്ണടയ്ക്കുന്നതുകൊണ്ടാണ് മന്‍മോഹന്‍ സിങ് മിസ്റ്റര്‍ ക്ലീനായി അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, ദേശീയ വൈസ് പ്രസിഡന്റ് മുഫ്തി അബ്ദുറഹിമാന്‍ മില്ലി, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി.അബ്ദുള്‍ വഹാബ്, കെ.പി.ഇസ്മായില്‍, യു.സി.മമ്മൂട്ടി ഹാജി, ബി.ഹംസ ഹാജി, എം.എം.മാഹിന്‍, കേച്ചേരി മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.എ.റൗഫ് ചടങ്ങില്‍ പങ്കെടുത്തു. അഷ്‌റഫ് പുറവൂര്‍ സ്വാഗതവും അഡ്വ. എം.സി.ഹാഷിം നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ കൂറ്റന്‍ റാലിയും നടന്നു.

More News from Kannur