ഭീഷണിയായി മണ്‍കൂനയും പൈപ്പും; റോഡരികില്‍ അപകടം പതിയിരിക്കുന്നു
Posted on: 04 Feb 2012
തളിപ്പറമ്പ്: ദേശീയപാത ചിറവക്ക്- പട്ടുവം റോഡ് ജങ്ഷനില്‍ അപകടം പതിയിരിക്കുന്നു. റോഡരികിലുള്ള മണ്‍കൂനയും ജപ്പാന്‍ കുടിവെള്ള പൈപ്പും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. ഇരുവശങ്ങളില്‍നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ റോഡരികിലെ നീണ്ട കുഴിയില്‍വീണ് അപകടമുണ്ടാകാനുള്ള സാധ്യതയും ഇവിടെയുണ്ട്.
തിരക്കേറിയതും വീതികുറഞ്ഞതുമായ ഈ ജങ്ഷന്‍ പട്ടുവത്തേക്കുള്ള ബസ്സുകളുടെ സ്റ്റോപ്പും കൂടിയാണ്. ബസ്സിറങ്ങുന്നിടത്താണ് റോഡിനോടുചേര്‍ന്ന് മണ്‍കൂനയുള്ളത്. സമീപത്തുതന്നെ റോഡരികില്‍ നീണ്ട കുഴിയുമുണ്ട്. ഇതിന്റെ ഒരറ്റത്താണ് ജപ്പാന്‍ കുടിവെള്ളത്തിനായി കൊണ്ടിട്ട പെപ്പ് മാസങ്ങളായി കിടക്കുന്നത്. തിരക്കേറിയ ഈ റോഡില്‍ രണ്ടിടത്തുനിന്നുമായി വാഹനങ്ങള്‍ വരുമ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഇതുമൂലം സുരക്ഷിതമായി ഒതുങ്ങിനില്‍ക്കാന്‍ സൗകര്യമില്ല. വാഹനങ്ങള്‍ ജങ്ഷനിലെത്തിയാല്‍ നിന്നുതിരിയാനിടമില്ല. അതിനിടയില്‍ മണ്‍തിട്ടയില്‍ തട്ടി കാല്‍നടയാത്രക്കാര്‍ നിരങ്ങിവീഴുന്ന സ്ഥിതിയുമുണ്ട്. നേരത്തെ ഇവിടെ പൈപ്പ്‌ലൈന്‍ തകര്‍ന്നപ്പോള്‍ കോരിയിട്ട മണ്ണാണ് അപകടകരമായുള്ളത്. റോഡരികില്‍ വേണ്ടാത്ത മണ്‍തിട്ടയും ഇരുമ്പ് പൈപ്പുകളും മാറ്റാത്തതും വെള്ളമൊഴുകി ആഴത്തിലായ കുഴികള്‍ നികത്താത്തതും പ്രതിഷേധത്തിനിടയായിട്ടുണ്ട്.