സ്‌കൂള്‍സ്ഥലത്ത് സ്വകാര്യ കുഴല്‍ക്കിണര്‍; വിദ്യാര്‍ഥികള്‍ സമരത്തില്‍
Posted on: 04 Feb 2012
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍സ്ഥലത്ത് സ്വകാര്യ കച്ചവടസ്ഥാപനം കുഴല്‍ക്കിണര്‍ കുഴിച്ചതില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പഠിപ്പുമുടക്കി.
സ്‌കൂള്‍ അധികൃതര്‍ ശ്രീകണ്ഠപുരം പോലീസില്‍ കച്ചവടസ്ഥാപനമുടമക്കെതിരെ പരാതി നല്‍കി. കുഴല്‍കിണറിന്റെ സാമഗ്രികള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.
പ്രശ്‌നം പരിഹരിക്കാന്‍ ശ്രീകണ്ഠപുരം എസ്.ഐ. എം.ബാലന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. മുന്‍കാലത്തെ പി.ടി.എ.യുടെ രേഖാമൂലമുള്ള അനുമതിയോടെയാണ് സ്‌കൂള്‍ സ്ഥലത്ത് കുഴല്‍കിണര്‍ കുഴിച്ചതെന്നാണ് സ്ഥാപനമുടമയുടെ നിലപാട്. ഈ രേഖ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും ഇദ്ദേഹം വഴങ്ങിയില്ല.
പ്ലസ്ടു വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന കിണര്‍ വറ്റിയപ്പോഴാണ് സ്‌കൂള്‍ പറമ്പിലെ കുഴല്‍കിണര്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അധികമാരും ശ്രദ്ധിക്കാത്ത സ്ഥലത്താണ് കുഴല്‍ക്കിണര്‍.
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്ഥലം കൈയേറി സ്വകാര്യവ്യക്തി കുഴല്‍ക്കിണര്‍ കുഴിച്ച സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി ആവശ്യപ്പെട്ടു.