പൊതുസ്ഥലത്തെ ചുമരെഴുത്ത് പോലീസ് മായ്ച്ചു
Posted on: 04 Feb 2012
ചെറുകുന്ന്: ഇലക്ട്രിക് പോസ്റ്റുകളിലും പൊതുസ്ഥലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ എഴുതിയ പരസ്യം കണ്ണപുരം പോലീസ് മായ്ച്ചു.
ചെറുകുന്ന്- കണ്ണപുരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അവര്‍ക്ക് സ്വാധീന മുള്ളിടത്ത് ചുമരെഴുതുന്നത് പതിവായിരിക്കുകയാണ്. ഇത് പ്രദേശത്ത് നേരിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പോലീസിന്റെ നേതൃത്വത്തില്‍ ചുമരെഴുത്ത് മായ്ക്കാന്‍ തുടങ്ങിയത്.
പോലീസ് ചുമരെഴുത്ത് മായ്ക്കുന്നതിന് മുമ്പേ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ചുമരെഴുത്ത് മായ്ക്കാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇലക്ട്രിക്ക് പോസ്റ്റുകളിലും പൊതുസ്ഥലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പരസ്യം പതിച്ചാല്‍ പൊതുമുതല്‍ നശീകരണ നിരോധന നിയമ പ്രകാരം കേസെടുക്കുമെന്ന് കണ്ണപുരം എസ്.ഐ. കെ.കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ചുമരെഴുത്ത് മായ്ച്ച സ്ഥലങ്ങളില്‍ വീണ്ടും എഴുതിയാല്‍ പാര്‍ട്ടി നേതാക്കളുടെ പേരില്‍ കേസെടുക്കുമെന്നും എസ്.ഐ. അറിയിച്ചു. എസ്.ഐ. കെ.കുഞ്ഞിക്കൃഷ്ണന്‍, ബീറ്റ് ഓഫീസര്‍ എം.കുഞ്ഞിരാമന്‍, എ.എസ്.ഐ. വി.രവീന്ദ്രന്‍, കെ.ഷാജി, ഇ.രമേശന്‍, ടി.പി.സുരേഷ്‌കുമാര്‍, അജീഷ് കുമാര്‍, രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചുമരെഴുത്ത് മായ്ക്കുന്നതിന് നേതൃത്വം നല്‍കി.