പഴശ്ശി ഉദ്യാനം റോഡിന്റെ ടാറിങ് തുടങ്ങി

Posted on: 04 Feb 2012



മട്ടന്നൂര്‍ :പഴശ്ശി ഉദ്യാനം-19-ാം മൈല്‍ റോഡിന്റെ ടാറിങ് തുടങ്ങി. മാസങ്ങളായി മുടങ്ങിയ നവീകരണപ്രവൃത്തികളാണ് പുനരാരംഭിച്ചത്.

7.98 കോടിരൂപ ചെലവിട്ട് നടക്കുന്ന ഗ്രീന്‍ഫീല്‍ഡ് റോഡിന്റെ പ്രവൃത്തിയാണിത്. മെക്കാഡം ടാറിങ് നടത്തി ഇരുവശത്തും പച്ചപ്പ് പാകി മനോഹരമാക്കിയെടുക്കുന്ന സ്വപ്നറോഡിനാണ് പദ്ധതിയിടുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടഞ്ഞു. . ചാവശ്ശേരി-കൊട്ടാരം റോഡുവഴി വാഹനഗതാഗതം വഴിതിരിച്ചുവിടുകയാണ് ചെയ്തത്. പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ വാഹനഗതാഗതം പുനഃസ്ഥാപിക്കൂ. എന്നാല്‍ ചാവശ്ശേരിയില്‍നിന്ന് കൊട്ടാരത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്ക് നടപടിയായിട്ടും അത് വൈകിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ചയോടെ ഇതിന്റെ പ്രവൃത്തി തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇത് നീണ്ടുപോയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഈ റോഡിന്റെ അറ്റകുറ്റപ്പണിക്കായി സാധനസാമഗ്രികള്‍ കരാറുകാരന്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രവൃത്തി തുടങ്ങിയിരുന്നില്ല. മൂന്നുമീറ്റര്‍മാത്രം വീതിയുള്ള റോഡില്‍ ഗതാഗതക്കുരുക്ക് പ്രശ്‌നമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

പഴശ്ശി ഉദ്യാനംറോഡിലെ വെട്ടിപ്പൊളിക്കല്‍ നടപടികള്‍ക്ക് കരാറുകാരന്‍ കഴിഞ്ഞദിവസം തുടക്കമിട്ടിരുന്നു. ജെ.സി.ബി. ഉപയോഗിച്ച് പഴയറോഡിലെ ടാറിങ് പൊളിച്ചുമാറ്റുന്ന നടപടികള്‍ കഴിഞ്ഞദിവസമാണ് തുടങ്ങിയത്.

പഴയ ടാറിങ് മുഴുവനായി മാറ്റി നിശ്ചിതകനത്തില്‍ ബോളറുകള്‍ നിരത്തി സോളിങ് നടപടികള്‍ പൂര്‍ത്തിയാക്കിമാത്രമേ മെക്കാഡം ടാറിങ് നടത്താനാവു. ഇതിന്റെ നടപടികളാണ് തുടങ്ങിയത്. കൂടാതെ പൂര്‍ത്തിയാകാത്ത കലുങ്കുപണികള്‍ പൂര്‍ത്തിയാക്കുകയും റോഡിനിരുവശവും ഓവുചാലുകള്‍ നിര്‍മിക്കുകയും വേണം.

More News from Kannur