സ്ലാബ് നിര്‍മാണത്തില്‍ ക്രമക്കേട്; നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു
Posted on: 04 Feb 2012
ഉളിക്കല്‍: ടൗണിലെ ഓവുചാലുകള്‍ക്കുള്ള കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് വെള്ളിയാഴ്ച രാവിലെ നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു.
ഇരിട്ടി- ഉളിക്കല്‍ റോഡ് മെക്കാഡം സംവിധാനത്തില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്ലാബിട്ട് ഓവുചാലുകള്‍ മൂടുന്നത്. ആവശ്യത്തിന് കമ്പി, സിമന്റ്, മെറ്റല്‍ എന്നിവ ഉപയോഗിക്കാതെയാണ് സ്ലാബ് കോണ്‍ക്രീറ്റ് നടത്തിയതെന്നാണ് ആക്ഷേപം. ഇതുമൂലം സ്ലാബ് നിര്‍മിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മിക്കയിടത്തും തകര്‍ന്നു. സ്ലാബ്‌നിര്‍മാണത്തില്‍ നടന്ന വ്യാപക ക്രമക്കേട് അന്വേഷിച്ച് നടപടി എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചെറിയാന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ആവശ്യത്തിന് സാമഗ്രികള്‍ ഉപയോഗിക്കാതെ സ്ലാബ് നിര്‍മാണം നടത്തിയത് അന്വേഷിക്കണമെന്ന് റോഡ് വികസനസമിതി കണ്‍വീനര്‍ ബാബുരാജ് ഉളിക്കല്‍ ആവശ്യപ്പെട്ടു.
ഉളിക്കല്‍ ടൗണില്‍ പുതുതായി നിര്‍മിച്ച സ്ലാബുകള്‍ നീക്കംചെയ്ത് പുതിയ സ്ലാബുകള്‍ പണിയുന്നതിന് കരാറുകാരന് നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.