ശമ്പളമില്ല; ജീവനക്കാര്‍ പ്രതിഷേധസമരം നടത്തി

Posted on: 04 Feb 2012



മട്ടന്നൂര്‍: ശമ്പളമില്ലാതെ ജോലിചെയ്യേണ്ടിവന്ന റവന്യു ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന 75 ജീവനക്കാരാണ് ഓഫീസിനുമുന്നില്‍ പ്രകടനം നടത്തിയത്. തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള മൂന്നു ജീവനക്കാര്‍ക്കാണ് ശമ്പളം ആറുമാസമായും ലഭിക്കാത്തത്. വര്‍ഷത്തില്‍ ജൂണ്‍ 30വരെ മാത്രം പ്രവര്‍ത്തനാനുമതിയുള്ള ഓഫീസിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നാണ് പരാതി.

കഴിഞ്ഞ ജൂണ്‍ 30ന് ഇവര്‍ ശമ്പളാനുമതി തേടി രേഖകള്‍ റവന്യൂ വിഭാഗത്തിന് ഹാജരാക്കിയിരുന്നെങ്കിലും ഇതുവരെയായും ഇതുസംബന്ധിച്ച് തീരുമാനമായില്ല.

ഫയലുകളില്‍ തീര്‍പ്പുകല്പിക്കാന്‍ കാലതാമസം നേരിടുന്നതായും ശമ്പളം ലഭിക്കാതെ ആറുമാസമായി ജോലിചെയ്യുകയാണെന്നും സ്ത്രീകളുള്‍പ്പെട്ട ജീവനക്കാര്‍ പറയുന്നു.

വിവിധ റവന്യുവകുപ്പു സ്ഥാപനങ്ങളില്‍നിന്ന് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരാണ് ശമ്പളം ലഭിക്കാതെ ജോലിചെയ്യേണ്ടി വരുന്നത്. വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടികള്‍ മന്ദഗതിയിലാക്കി പദ്ധതിയില്ലാതാക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണിതെന്ന് ജീവനക്കാര്‍ ആരോപിച്ചു.

സമരത്തിന് പി.പവിത്രന്‍, പി.മനോജ്, കെ.സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

More News from Kannur