ബാരാപോള്‍ പദ്ധതി അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യും
Posted on: 04 Feb 2012
ഇരിട്ടി: ജില്ലയിലെ ആദ്യത്തെ മിനി ജലവൈദ്യുതപദ്ധതിയായ ബാരാപോള്‍ ജലവൈദ്യുത പദ്ധതി അടുത്തവര്‍ഷം ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യും. വൈദ്യുതമന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജനകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനുമായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതവകുപ്പ് കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ ഫിലിപ്പ് സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശത്തുകാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി മന്ത്രിക്കും ബോര്‍ഡ് ചെയര്‍മാനും റിപ്പോര്‍ട്ട് നല്‍കും. പദ്ധതി 2013 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസമാണ് ഒക്ടോബറിലേക്ക് നീളാനിടയായത്.
നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേഖലയില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ക്കും റോഡുകളുടെ തകര്‍ച്ചയ്ക്കും പരിഹാരം കാണണമെന്നും പദ്ധതിപ്രദേശത്തോടുചേര്‍ന്ന ഭൂമി കൂടി ഏറ്റെടുക്കണമെന്നും ന്യായവില ഉയര്‍ത്തണമെന്നുമാണ് പ്രദേശത്തുകാരുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയും എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മന്ത്രിയുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ചത്. പുതുതായി ഏറ്റെടുക്കേണ്ട ഭൂമിയെപ്പറ്റിയും അടിസ്ഥാന സൗകര്യങ്ങളെപ്പറ്റിയും സംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ബാരാപോള്‍ പുഴയിലെ വെള്ളമുപയോഗിച്ച് 15 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണ് പൂര്‍ത്തിയാവുന്നത്. ഇതിന് 15 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ പ്രതിവര്‍ഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തത്.
ഉന്നതതല സംഘത്തില്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പ്രശാന്തന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.അനില്‍, അസി. എന്‍ജിനീയര്‍മാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ചാക്കോ, വാര്‍ഡംഗം രവി ഐക്കോടന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ ജോസ് നരിമറ്റം, അഡ്വ. ജെയ്‌സണ്‍ തോമസ്, എം.കെ.വിനോദ് എന്നിവരുമുണ്ടായി.