മാഗസിനില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശമെന്ന് പരാതി; സമരം ഒത്തുതീര്‍ന്നു
Posted on: 04 Feb 2012
ഇരിക്കൂര്‍: കല്യാട് സിബ്ഗ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പുറത്തിറക്കിയ 'ഏഴ് പടവുകള്‍' എന്ന മാഗസിനില്‍ ഹിന്ദുത്വത്തെ വേദനിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോളേജ്പടിക്കല്‍ സമരം നടത്തി.
ആര്‍.എസ്.എസ്സും വിശ്വഹിന്ദു പരിഷത്തും സമരത്തെ അനുകൂലിച്ച് രംഗത്തിറങ്ങി. സമരക്കാര്‍ പ്രകടനമായി കോളേജിലേക്ക് പ്രവേശിക്കാന്‍ മുതിര്‍ന്നെങ്കിലും ഗേറ്റ് അടച്ചിട്ടതിനാല്‍ പുറത്ത് സമരം നടത്തുകയാണുണ്ടായത്.
ജില്ലാ പ്രചാരക് മഹേഷ്, എ.ബി.വി.പി. നേതാക്കള്‍ എന്നിവര്‍ നേരത്തെ സംഭവസ്ഥലത്തെത്തിയിരുന്നു. മട്ടന്നൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ സുശക്തമായ പോലിസ്‌സേനയും സ്ഥലത്ത് നിലയുറപ്പിച്ചു.
ഉച്ചയോടെ മട്ടന്നൂര്‍ സി.ഐ. ടി.എന്‍.സജീവിന്റെ നേൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ കൂടിയ യോഗത്തില്‍ പ്രശ്‌നം ഒത്തുതീര്‍ന്നതിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു. ഒത്തുതീര്‍പ്പ് പ്രകാരം മാഗസിനിലെ വിവാദമുള്ള പേജുകള്‍ നീക്കംചെയ്തശേഷം വിതരണംചെയ്യാന്‍ തീരുമാനിച്ചു.
പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ഹാറൂണ്‍ റഷീദ്, മട്ടന്നൂര്‍ സി.ഐ. ടി.എന്‍.സജീവ്, ഇരിക്കൂര്‍ എസ്.ഐ. എന്‍.കെ.മനോഹരന്‍, ബിജു ഏളക്കുഴീ, എം.ബാബുരാജ്, കെ.ജെ.ഫിലോമിന, വി.മഹേഷ്, അഡ്വ. കെ.എസ്.ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.