പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിനെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശക്തമായ തെളിവുകള്‍. പതിനാറുകാരി പ്രസവിച്ച ആണ്‍കുഞ്ഞിന്റെ പിതാവ് റോബിന്‍ വടക്കുംചേരിയാണെന്ന ഡി.എന്‍.എ. ഫലംതന്നെയാണ് ഏറ്റവും ശക്തമായ തെളിവായി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുള്ളത്.

തലശ്ശേരി വനിതാ ജഡ്ജി വി.വിനീത മുന്‍പാകെ പീഡനത്തിനിരയായ പെണ്‍കുട്ടി സി.ആര്‍.പി.സി. 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയും റോബിനെതിരെയുള്ള സുപ്രധാന തെളിവാണ്.

കേസിലെ മറ്റു പ്രതികളുമായി റോബിന്‍ നടത്തിയ ഫോണ്‍വിളികളുടെ ലിസ്റ്റും സൈബര്‍സെല്ലിന്റെ ഹൈടെക് വിഭാഗവുമായി സഹകരിച്ച് അന്വേഷണസംഘം കണ്ടെത്തിയ വിവരങ്ങളും കേസന്വേഷണത്തിന്റെ പുരോഗതിക്ക് കാരണമായി.

കൂട്ടുപ്രതികള്‍ നല്‍കിയ മൊഴികളിലെ വൈരുധ്യവും പീഡനത്തില്‍ റോബിന്റെ പങ്ക് വ്യക്തമാക്കാന്‍ ഉതകുന്നതായിരുന്നു.

2017 െഫബ്രുവരി ഏഴിന് തൊക്കിലങ്ങാടി ക്രിസ്തുരാജ ആസ്​പത്രിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ജന്മം നല്‍കിയ ആണ്‍കുഞ്ഞിനെ വൈത്തിരിയിലെ അനാഥമന്ദിരത്തിലെത്തിക്കാന്‍ റോബിന്‍ ശ്രമിച്ചതിനും പോലീസ് വ്യക്തമായ തെളിവുകള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിവാദമായ കേസില്‍ മികച്ച അന്വേഷണത്തിലൂടെ അന്വേഷണം ശരിയായ ദിശയിലെത്തിക്കാനും അനുവദിച്ച സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കഴിഞ്ഞത് അന്വേഷണസംഘത്തിന്റെ നേട്ടമാണ്.

ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ സി.ഐ.ആയിരുന്ന എന്‍.സുനില്‍കുമാറാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്.

പേരാവൂര്‍ എസ്.ഐ. ആയിരുന്ന പി.കെ.ദാസ്, കേളകം എസ്.ഐ. ടി.വി.പ്രദീഷ്, എസ്.ഐ. കെ.എം.ജോണ്‍, പി.വി.തോമസ്, സീനിയര്‍ സി.പി.ഒ. കെ.വി.ശിവദാസന്‍, സി.പി.ഒ. എന്‍.വി.ഗോപാലകൃഷ്ണന്‍, റഷീദ, ജോളി ജോസഫ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് കേസന്വേഷിച്ചത്.

2017 െഫബ്രുവരി 26-നാണ് പേരാവൂര്‍ പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ചെയ്തത്.