പയ്യന്നൂര്‍: രാമന്തളിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ നാവിക അക്കാദമി അധികൃതര്‍ തയ്യാറാകണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. ജനകീയസംരക്ഷണസമിതി രാമന്തളി സെന്‍ട്രലില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യരക്ഷയ്ക്കള്ള നാവിക അക്കാദമി ഇവിടെത്തന്നെ സ്ഥാപിക്കുന്നതിനായി സര്‍വസ്വവും നഷ്ടപ്പെടുത്തി ത്യാഗത്തിന് തയ്യാറായ ജനങ്ങളാണ് ഇന്ന് നേവിയുടെ മാലിന്യ പ്ലാന്റ് മൂലം കുടിവെള്ളം മുട്ടിയ അവസ്ഥയില്‍ സമരത്തിനിറങ്ങേണ്ടി വന്നത്. ഈ സാഹചര്യം അഭിലഷണീയമല്ല. അതിനാല്‍ അക്കാദമി അധികൃതര്‍ കടുംപിടുത്തമുപേക്ഷിച്ച് പ്രശ്‌നപരിഹാരത്തിന് തയ്യാറാകണം. 30-ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പയ്യന്നൂര്‍ ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ജനങ്ങളുടെ ദുരിതമകറ്റുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച നടന്ന സത്യാഗ്രഹം കെ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ നേതാക്കളായ പരത്തി ഗോവിന്ദന്‍, കെ.പദ്മനാഭന്‍, പി.ജയന്‍, സി.കൃഷ്ണന്‍ എം.എല്‍.എ., ഒ.കെ.ശശി, എം.വി.ഗോവിന്ദന്‍, പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു. ഓട്ടോ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.), കര്‍ഷകസംഘം, ഡി.വൈ.എഫ്.ഐബ്ലോക്ക് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ അനുഭാവപ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ. പ്രകടനത്തിന് എ.വി.രഞ്ജിത്ത്, ജി.ലിജിത്ത്, ടി.പി.അനൂപ് എന്നിവര്‍ നേതൃത്വം നല്കി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സമരത്തിനുള്ള പിന്തുണയുമായി സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യ ദീപം തെളിച്ചു.