കല്യാശ്ശേരി: ലിംഗവിവേചനത്തിനും സ്ത്രീകള്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങള്‍ക്കുമെതിരേ സമൂഹത്തെ ഉണര്‍ത്തുന്നതിനായി മൈസൂരു സ്വദേശിനി ശ്രുതി നടത്തുന്ന ഭാരതദര്‍ശന്‍ സൈക്കിള്‍ പര്യടനം കല്യാശ്ശേരിയിലെത്തി. ഇരുപത്തിയാറുകാരിയായ ശ്രുതി ബെംഗളൂരുവിലെ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറാണ്. ഫെബ്രുവരി ഏഴിന് കശ്മീരില്‍നിന്ന് പുറപ്പെട്ട് 38 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയതിനുശേഷമാണ് ശനിയാഴ്ച കല്യാശ്ശേരിയിലെത്തിയത്.

11 സംസ്ഥാനങ്ങളിലൂടെ കശ്മീര്‍മുതല്‍ കന്യാകുമാരിവരെ 4500 കിലോമീറ്റര്‍ 48 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സഞ്ചാരപാതകളില്‍ വിദ്യാലയങ്ങളില്‍ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ ലിംഗവിവേചനങ്ങള്‍ക്കെതിരേ തുല്യനീതിയുടെ ആവശ്യകതയിലൂന്നിയ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

കല്യാശ്ശേരിയിലെത്തിയ ശ്രുതി അടുത്ത സുഹൃത്തായ ആകാശ് നമ്പ്യാരുടെ വീട്ടിലാണ് വിശ്രമിച്ചത്. ഞായറാഴ്ച രാവിലെതന്നെ കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. 28-ന് യാത്ര കന്യാകുമാരിയില്‍ വിപുലമായ പരിപാടികളോടെ അവസാനിപ്പിക്കും. ഭാരതത്തിന്റെ വീഥികളിലൂടെ ഒരുയുവതി നിര്‍ഭയയായും സുരക്ഷിതയായും യാത്ര ചെയ്ത് ഭാരതത്തിന്റെ മഹത്തായ സംസ്‌കാരം വിളിച്ചോതുകയാണ് ലക്ഷ്യമെന്ന് ശ്രുതി പറയുന്നു.

ഒരുദിവസം ചുരുങ്ങിയത് 100 മുതല്‍ 120 കിലോമീറ്റര്‍വരെയാണ് യാത്ര. ശ്രുതിയുടെ പിതാവ് ടി.ശിവശങ്കര്‍ മംഗലാപുരം സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറാണ്.