ചാല: വളയം പിടിക്കുന്ന കൈകള്‍ മണ്ണിലേക്കിറങ്ങിയപ്പോള്‍ നിറയെ വാഴക്കുലകള്‍. കാടുപിടിച്ചു കിടന്നിരുന്ന ചാല ബൈപാസ് കവലയിലെ വയലില്‍ വെറുതെ ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ചാലയിലെ ടാക്‌സി തൊഴിലാളികള്‍ വാഴക്കൃഷി തുടങ്ങിയത്.

ആരും തിരിഞ്ഞുനോക്കാതെ മാലിന്യം തള്ളാനുപയോഗിച്ചിരുന്ന സ്ഥലം ഇതിനായി ഇവര്‍ തിരഞ്ഞെടുത്തു. പണിയായുധങ്ങള്‍ തൊഴിലാളികള്‍തന്നെ സംഘടിപ്പിച്ചു. മണ്ണിലിറങ്ങിയപ്പോഴാണ് മാലിന്യത്തിന്റെ കാഠിന്യം ഇവര്‍ മനസ്സിലാക്കിയത്.
 
നിറയെ പ്ലാസ്റ്റിക്കുകളായിരുന്നു. വര്‍ഷങ്ങളോളം മണ്ണില്‍ ലയിക്കാതെ കിടന്നിരുന്ന പ്ലാസ്റ്റിക്കുകള്‍ എടുത്തുമാറ്റി. കൊത്തിക്കിളച്ച് കൃഷിഭൂമിയൊരുക്കി. വാഴക്കന്ന് ചാലക്കുന്നിലെ ഒരു സ്വകാര്യ നഴ്‌സറിയില്‍നിന്ന് വിലയ്ക്കുവാങ്ങി. ചാണകപ്പൊടി, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളം മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത്.

നല്ല വെയില്‍കൊള്ളുന്ന സ്ഥലമായതിനാല്‍ വളരെ വേഗം വാഴകള്‍ വളര്‍ന്നു. മൂന്നുമാസം ഇടവിട്ട് വാഴയ്ക്ക് വളമിട്ടു. അവധിദിവസം, ഹര്‍ത്താല്‍ദിവസം എന്നിവയാണ് ഇവര്‍ കാര്‍ഷിക ജോലിക്കായി തിരഞ്ഞെടുത്തത്.
 
വേനല്‍ക്കാലത്ത് വെള്ളത്തിനായിരുന്നു ക്ഷാമം. സമീപത്തെ കിണറ്റില്‍നിന്നുംമറ്റും വെള്ളം കൊണ്ടുവന്ന് ഒഴിച്ച് പച്ചപ്പ് നിലനിര്‍ത്തി. ഇപ്പോള്‍ കൃഷിയിടത്തിലിറങ്ങിയാല്‍ കണ്ണിന് കുളിര്‍മയാണ്. 25 വാഴകള്‍ നട്ടതില്‍ 23 എണ്ണവും കുലച്ചു.
 
നല്ല ഒന്നാംതരം ടിഷ്യൂകള്‍ച്ചര്‍ കുലകള്‍. ഈ കുലകള്‍ സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാനൊന്നും ഇവര്‍ക്ക് താത്പര്യമില്ല. ഏതെങ്കിലും അനാഥമന്ദിരത്തിന് സംഭാവന ചെയ്യണമെന്നാണ് ആഗ്രഹം. ഡ്രൈവര്‍മാരായ ടി.കെ.ഷിനോജ്, കെ.സുമേഷ്, കെ.സന്തോഷ്, കെ.സുജേഷ്, ശശി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. വരുംവര്‍ഷങ്ങളില്‍ വാഴക്കൃഷി കുറച്ചുകൂടി സ്ഥലത്തേക്ക് വ്യാപിപ്പിക്കണമെന്ന ആഗ്രഹം ഇവര്‍ക്കുണ്ട്.