സ്‌കൂള്‍ കലോത്സവത്തിന്റെ പഴയ പേര് യുവജനോത്സവം എന്നായിരുന്നു. 1975-ലെ യുവജനോത്സവത്തില്‍ ശാസ്ത്രീയസംഗീത ജേതാവായ കുട്ടി യുവജനോത്സവം എന്ന സിനിമയില്‍ നടനായും പാട്ടുകാരനായും തിളങ്ങിയ ചരിത്രവുമുണ്ട്. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളില്‍നിന്ന് എത്തിയ കൃഷ്ണചന്ദ്രനായിരുന്നു ആ പത്താം ക്ലാസുകാരന്‍.

'വെള്ളിച്ചില്ലും വിതറീ...', 'വനശ്രീ മുഖംനോക്കി വാല്‍ക്കണ്ണെഴുതുമീ...' തുടങ്ങിയ പാട്ടുകളിലൂടെ മലയാള ഗാനശാഖയെ സമ്പന്നമാക്കിയ കൃഷ്ണചന്ദ്രന്‍. യേശുദാസിനും ജയചന്ദ്രനും ശേഷം സ്‌കൂള്‍ കലോത്സവത്തില്‍നിന്നു വന്ന അടുത്ത തലമുറയിലെ സംഭാവനകളിലൊരാളാണ് അദ്ദേഹം. മുപ്പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ച കൃഷ്ണചന്ദ്രന്‍ യുവജനോത്സവം എന്ന സിനിമയില്‍ സോപാന സംഗീതജ്ഞനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

അതിലെ 'പ്രളയപയോധിജലേ...' എന്ന ജയദേവരുടെ അഷ്ടപദി പാടി അഭിനയിക്കുന്ന ക്ലൈമാക്‌സ് സീന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലായിരുന്നു സിനിമയിലെ നായകന്‍. 1975-ല്‍ പാലായില്‍ നടന്ന കലോത്സവത്തിലാണ് കൃഷ്ണചന്ദ്രന്‍ ശാസ്ത്രീയസംഗീത ജേതാവായത്. എല്‍.പി.ആര്‍. വര്‍മ, മാവേലിക്കര പ്രഭാവര്‍മ, മാവേലിക്കര രാമനാഥന്‍ തുടങ്ങിയ തലയെടുപ്പുള്ളവര്‍ വിധികര്‍ത്താക്കള്‍. ശങ്കരാഭരണ രാഗത്തില്‍ സ്വരരാഗസുധ എന്ന കീര്‍ത്തനം വേദിയില്‍ അനായാസം അദ്ദേഹത്തിനു പാടാന്‍ കഴിഞ്ഞു. കാരണം കര്‍ണാടക സംഗീതത്തിന്റെ നല്ലൊരു അടിത്തറയുമായാണ് അന്ന് പാലായിലെത്തിയത്.

1977-ല്‍ ആകാശവാണിയുടെ ദേശീയ സംഗീതമത്സര ജേതാവായി. 78-ല്‍ സംവിധായകന്‍ പദ്മരാജനാണ് സിനിമയിലേക്ക് വഴികാട്ടിയത്. അദ്ദേഹം തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദമാണ് ആദ്യ സിനിമ. 1980-ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബി.എ. മ്യൂസിക്കിന് ഒന്നാം റാങ്ക് ജേതാവായിരുന്നു കൃഷ്ണചന്ദ്രന്‍. 'സിനിമാ നടനും നേടി ഒന്നാം റാങ്ക്' എന്നായിരുന്നു അന്ന് പത്രങ്ങളില്‍ വന്ന തലക്കെട്ട്. കാബൂളിവാലയിലെ വിനീതിനും അനിയത്തിപ്രാവിലെ കുഞ്ചാക്കോ ബോബനും ശബ്ദം നല്‍കിയതിന് രണ്ടുതവണ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കൃഷ്ണചന്ദ്രന്റെ സഹോദരി എന്‍.കെ. മീരയും ഒരു കലോത്സവ ജേതാവാണ്. 1978-ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തില്‍ ലളിതഗാനത്തില്‍ മീരയ്ക്കായിരുന്നു രണ്ടാം സ്ഥാനം. അന്നത്തെ ഒന്നാം സ്ഥാനം കെ.എസ്. ചിത്രയ്ക്കും. മീരയ്ക്കായിരുന്നു അക്കൊല്ലത്തെ പദ്യംചൊല്ലലില്‍ ഒന്നാം സമ്മാനം.

അന്ന് കാലുഷ്യമില്ലാത്ത മത്സരം

ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയെ അഭിനന്ദിക്കുന്നതായിരുന്നു അന്നത്തെ ഒരു കലോത്സവസംസ്‌കാരം. സമ്മാനം കിട്ടാത്തതിന് രക്ഷിതാക്കള്‍ എന്നെ വഴക്കുപറഞ്ഞിട്ടോ കുറ്റപ്പെടുത്തിയിട്ടോ ഇല്ല. സമ്മാനം കിട്ടിയ കുട്ടിയില്‍നിന്ന് പഠിക്കാനുള്ള പാഠങ്ങള്‍ അവര്‍ പറഞ്ഞുതന്നിട്ടേയുള്ളൂ.