1980-ലെ സംസ്ഥാനകലോത്സവത്തില്‍ തിരഞ്ഞെടുത്ത മികച്ച നടന്‍ ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ഉള്ളില്‍ കലയുടെ ഒരു ദീപം ഉണ്ടെന്ന് ആ നാടകവേദി എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു.

 

വീട്ടിലെത്താന്‍ വൈകുന്ന മകന് രണ്ട് ചുട്ട അടികൊടുക്കാന്‍ അച്ഛന്‍ അസറിയ കാത്തിരുന്നു. സംസ്ഥാനത്തെ മികച്ച നടനുള്ള ട്രോഫിയും പിടിച്ചുവന്ന മകനെ കണ്ടപ്പോള്‍ അച്ഛന്‍ വടി കളഞ്ഞ് വാരിയെടുത്തുമ്മ നല്‍കി. ജോബി എന്ന ഹാസ്യനടനായി മലയാളക്കരയ്ക്കു കിട്ടിയ കലാഭാഗ്യമാണ് അന്നത്തെ ആ മകന്‍.

പേരൂര്‍ക്കട സി.എല്‍. ഹൈസ്‌കൂളിലേക്ക് നാടകത്തിന്റെ ഒന്നാം സമ്മാനം വരുമെന്ന് ജോബിയുടെ സ്‌കൂളുകാര്‍ക്ക് ഉറപ്പായിരുന്നു. ജോബി നാടകത്തിനുണ്ടെന്ന് വീട്ടുകാര്‍ക്ക് ഒരുപിടിയും കിട്ടിയിരുന്നില്ല. പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം എന്ന വാശിക്കാരനായ അച്ഛന് മകന്റെ കലാപ്രേമം അറിയില്ലായിരുന്നു. പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം, ഒപ്പം നാടകവും കളിക്കണം എന്നതായിരുന്നു ജോബിയുടെ സിദ്ധാന്തം. സ്‌കൂളിലെ കൂട്ടുകാരും നാട്ടിലെ ചേട്ടന്‍മാരും ചേര്‍ന്ന് നാടകം പഠിക്കാന്‍ തീരുമാനിച്ചു.

ഒരു രസത്തിനാണ് തുടങ്ങിയതെങ്കിലും റിഹേഴ്‌സല്‍ ഗൗരവമായി. ജി. ശങ്കരപ്പിള്ളയുടെ 'ദീപം ദീപം' എന്ന നാടകമായിരുന്നു. അതിലെ നായകനായ കാവല്‍ക്കാരനായിരുന്നു ജോബി. നാടകം ഉദ്ദേശിച്ച തലത്തില്‍നിന്ന് ഏറെ മുന്നേറി. 1980-ല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ അതിനെ വെല്ലാന്‍ മറ്റൊരു നാടകമില്ലാത്ത സ്ഥിതിയിലെത്തിയാണ് അതവസാനിച്ചത്.

അന്ന് മികച്ച നടനായി ജോബിയെ പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ വക സമ്മാനം ഒന്നുമില്ല. എന്നാല്‍ ഒരു സ്‌പോണ്‍സര്‍ സമ്മാനം ട്രോഫിയായി അന്നുതന്നെ കിട്ടി. ഈ ട്രോഫിയും എടുത്താണ് ജോബി അച്ഛന്റെ അടുത്തേക്ക് വന്നത്. അച്ഛന്റെ ദേഷ്യം ആ ട്രോഫിക്കു മുന്നില്‍ അലിഞ്ഞുപോയി. അന്നു തുടങ്ങിയ പ്രയാണമാണ് ഇപ്പോഴും തുടരുന്നതെന്നാണ് ജോബിയുടെ അഭിപ്രായം.

കോളേജ് ജീവിതകാലത്താണ് ജോബിയുടെ ഉള്ളിലൊരു ഹാസ്യകലാകാരന്‍ ഉണ്ടെന്നത് ലോകമറിഞ്ഞത്. പട്ടുകോണകമുടുത്ത് ഓലക്കുടയും ചൂടിവന്ന വാമനരൂപത്തെ കേരള സര്‍വകലാശാലാ കലോത്സവത്തില്‍ അവതരിപ്പിച്ചത് ജോബിയെ ശ്രദ്ധേയനാക്കി. ഉയരക്കുറവും ജോബിക്കിണങ്ങിയപ്പോള്‍ അതൊരു ലക്ഷണമൊത്ത വാമനരൂപമായി കേരളം കണ്ടു.

തന്റെ ഹാസ്യകലാപ്രകടനങ്ങള്‍ ആളുകളെ ചിരിപ്പിക്കുന്നു എന്നു കണ്ടപ്പോള്‍ ഒരു കൊമേഡിയനായി മാറാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മുപ്പത്തിയഞ്ചോളം സിനിമകള്‍ പിന്നിട്ടുകഴിഞ്ഞു. ആളുകളെ ചിരിപ്പിക്കാനാണ് ഏറ്റവും പ്രയാസം. അതുകൊണ്ടുതന്നെ ജോബി ഇപ്പോഴും ബെസ്റ്റ് ആക്ടറാണ്. ഒപ്പം കെ.എസ്.എഫ്.ഇ.യുടെ കേശവദാസപുരം ശാഖയില്‍ മാനേജരുമാണ്.