Kudamaloor
കുടമാളൂര്‍ ജനാര്‍ദനന്‍
തൃശ്ശൂര്‍: 1982-ലെ കണ്ണൂര്‍ കലോത്സവവേദിയ്ക്കരികില്‍ രണ്ടുപേരുടെ സംസാരം ഇങ്ങനെ: ' ഓടക്കുഴല്‍ മത്സരത്തില്‍ ആ കോട്ടയത്തുകാരന്‍ പയ്യന്‍ കാണും. ഇത്തിരി കേട്ടിട്ടുപോകാം'. രണ്ടാംവേദിയായ പഴശ്ശിരാജാ ഓഡിറ്റോറിയത്തില്‍ നടക്കാന്‍ പോകുന്ന മത്സരത്തിനു തയ്യാറായി നിന്ന കെ. ജനാര്‍ദനന്‍ എന്ന ' കോട്ടയത്തുകാരന്‍ പയ്യന്‍' ഈ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാനാണ് ആ പയ്യനെന്ന് ജനാര്‍ദനന്‍ പറഞ്ഞില്ല. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജനാര്‍ദനന്‍ എന്ന പേരിനുമുമ്പ് കുടമാളൂര്‍ എന്ന സ്ഥലപ്പേരും ചേര്‍ന്നു. കുടമാളൂര്‍ ജനാര്‍ദനന്‍ കര്‍ണാടകസംഗീതലോകത്ത് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പേരായി മാറി.

നാലു സംസ്ഥാന കലോത്സവങ്ങളുടെ സംഭാവനയാണ് ഈ പ്രതിഭ. 1981-ല്‍ പാലക്കാട്, 82-ല്‍ കണ്ണൂര്‍, 83-ല്‍ എറണാകുളം, 84-ല്‍ കോട്ടയം എന്നീ നാലു കലോത്സവങ്ങളിലും ഓടക്കുഴല്‍ ഒന്നാം സ്ഥാനം ജനാര്‍ദനനൊപ്പം കുടമാളൂരിലേക്കു തന്നെയാണു പോയത്. കുടമാളൂര്‍ ഗവ. ഹൈസ്‌കൂളില്‍നിന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിയായിട്ടാണ് 1981-ല്‍ ആദ്യം മത്സരിക്കാന്‍ പാലക്കാട്ടെത്തിയത്. അന്ന് യു.പി.യും ഹൈസ്‌കൂളുംകൂടി ഒറ്റ മത്സരമായിരുന്നു.

സംഗീതത്തെ ഒരുപാട് സ്‌നേഹിച്ചതിന്റെയും ഗ്രഹിച്ചതിന്റെയും പ്രതിഫലമാണ് കലോത്സവവേദികള്‍ അദ്ദേഹത്തിനു സമ്മാനിച്ചത്. നാലുകൊല്ലവും വായിച്ച രാഗങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഹംസധ്വനി, തോടി, ഷണ്‍മുഖപ്രിയ, ഖരഹരപ്രിയ എന്ന ക്രമത്തിലായിരുന്നു അവ. കര്‍ണാടകസംഗീതത്തിലെ വമ്പന്‍മാരായിരുന്നു അന്നത്തെ വിധികര്‍ത്താക്കള്‍. തിരുവിഴ ജയശങ്കര്‍, ആര്‍. വെങ്കിട്ടരാമന്‍, കെ.എസ്. ഗോപാലകൃഷ്ണന്‍ അങ്ങനെ നീളുന്ന പ്രശസ്തരാണ് മാര്‍ക്കിട്ടിരുന്നത്.

അന്ന് 'മത്സര'മില്ലാത്ത മത്സരം

ഇപ്പോഴത്തെപ്പോലെ അനാരോഗ്യകരമായ മത്സരമായിരുന്നില്ല അന്ന്. പങ്കെടുക്കുന്ന ഇനങ്ങളെപ്പറ്റി നല്ല ധാരണ മിക്കവര്‍ക്കും ഉണ്ടായിരുന്നു. ഓരോ മേള പിന്നിടുമ്പോഴും കലാകേരളത്തിന് ഒരു ഭാവിതാരം ഉറപ്പായിരുന്നു.

- കുടമാളൂര്‍ ജനാര്‍ദനന്‍