തിരുവാതിരക്കളി കഴിഞ്ഞ് വേഷംപോലും മാറ്റാതെ വേദിയിൽനിന്ന് അവർ ഓടിയത് ബേക്കറിയിലേക്കായിരുന്നു. വിശപ്പ് മാറ്റാനല്ല, കൂടെ ചുവടുവെച്ച കൂട്ടുകാരിക്ക് രാത്രി 12ന് പിറന്നാൾ മധുരമൊരുക്കാൻ.

വേദിയിലെ തിരുവാതിരക്കളിപ്പാട്ടിന്റെ പിന്നണിയിൽ നിലാവെളിച്ചത്തിൽ ശ്രീലക്ഷ്മി കേക്ക് മുറിച്ചു. ഒരിക്കലും മറക്കാനാവാത്ത പിറന്നാൾദിനം ആഘോഷിച്ചായിരുന്നു മടക്കം. കാസർകോട് ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് എ.ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയുടെ പിറന്നാൾ ആണ് ജനുവരി 17.  

ഹയർസെക്കൻഡറി വിഭാഗം തിരുവാതിരക്കളി മത്സരം 16നും. രാത്രി വൈകിയായിരുന്നു ഇവർക്ക് അവസരം ലഭിച്ചത്. മത്സരം പിന്നെയും നീണ്ടു. വേദിയിൽ നിന്നിറങ്ങിയ ഉടൻ കൂട്ടുകാരികൾ രക്ഷിതാക്കളുടെ സഹായത്തോടെ നേരെ ബേക്കറിയിലേക്ക്.

അവിടെയെത്തുമ്പോഴേക്കും ബേക്കറിക്ക് ഷട്ടറിട്ട് പോകാനൊരുങ്ങുകയായിരുന്നു ജീവനക്കാർ. ആവശ്യമറിഞ്ഞപ്പോൾ കലോത്സവമല്ലേ കുട്ടികളുടെ ആഗ്രഹത്തിന് അവരും തടസ്സം നിന്നില്ല. കുട്ടികൾക്കായി ബേക്കറി വീണ്ടും തുറന്നു. ശ്രീലക്ഷ്മിയെ അറിയിക്കാതെ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഒപ്പിച്ചു. പിന്നെ വീണ്ടും രാത്രിയിൽ വേദിയിലേക്ക് തിരിച്ചു നടന്നു. 

മത്സരം നടക്കുന്ന ജവഹർ സ്റ്റേഡിയത്തിന് നടുവിൽ ഒരു മേശയിട്ട് കേക്ക് വെച്ച്‌ വിളിച്ചപ്പോൾ മാത്രമാണ് ശ്രീലക്ഷ്മി വിവരമറിയുന്നത്. നിറഞ്ഞ ചിരിയോടെ കേക്ക് മുറിച്ച് ആദ്യ കഷ്ണം ഗുരു അനിൽ ആലക്കോടിന് കൊടുത്തു. പിന്നെ സ്നേഹം മധുരമായി സമ്മാനിച്ച ഓരോ കൂട്ടുകാരികൾക്കും. ശ്രീലക്ഷ്മിയുടെ അമ്മയും മറ്റ് രക്ഷിതാക്കളും ഒപ്പമുണ്ടായിരുന്നു.