കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കലോത്സവത്തില്‍ നാല് ഇനങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഒരു ജില്ലയ്ക്കും വ്യക്തമായ ലീഡില്ലാത്ത സാഹചര്യത്തില്‍ ആരാകും ജേതാക്കളാകുക എന്ന ആകാംക്ഷയാണ് അവസാന ദിവസം ആവേശമുയര്‍ത്തുന്നത്.
നിലവിലെ പോയിന്റ് നിലയില്‍ 925 പോയിന്റുമായി കോഴിക്കോടാണ് ഒന്നാമത്. 922 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നില്‍. 921 പോയിന്റുള്ള ആതിഥേയ ജില്ല കണ്ണൂരിനെയും തള്ളിക്കളയാനാവില്ല.
ഹൈസ്കൂള്‍ വിഭാഗത്തില്‍ നാടന്‍പാട്ടും ചെണ്ടമേളവും ഹയര്‍ സെക്കന്‍ഡറിയില്‍ ദേശഭക്തിഗാനവും വഞ്ചിപ്പാട്ടുമാണ് ഇന്ന് നടക്കുന്ന മത്സര ഇനങ്ങള്‍. വൈകിട്ട് നാലിനു മുമ്പേ എല്ലാ മത്സരങ്ങളും അവസാനിച്ചേക്കും. 32 ടീമുകളുള്ള വഞ്ചിപ്പാട്ടാകും ഏറ്റവുമൊടുവില്‍ അവസാനിക്കുന്ന മത്സരം.
എന്നാല്‍ മത്സര ഇനങ്ങളേക്കാള്‍ അപ്പീലുകളാകും ഇത്തവണയും കിരീടാവകാശികളെ നിര്‍ണയിക്കുക. കഴിഞ്ഞ രണ്ടു തവണയും അപ്പീലുകളുടെ തീര്‍പ്പിനൊടുവില്‍ ഫോട്ടോ ഫിനിഷിലാണ് ജേതാക്കളെ നിശ്ചയിച്ചത്.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന കലോത്സവത്തില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോട് പാലക്കാടിനെ മറികടന്നപ്പോര് 2015 കലോത്സവത്തില്‍ ആതിഥേയരായിരുന്ന കോഴിക്കോടിനൊപ്പം പാലക്കാടും സംയുക്ത ജേതാക്കളാവുകയായിരുന്നു.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ നല്‍കിയിട്ടുള്ളത് പാലക്കാട് ജില്ലയാണ്. കഴിഞ്ഞ തവണ ഇത് കോഴിക്കോടായിരുന്നു.