കണ്ണൂര്‍: പെണ്‍കുട്ടികളുടെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടി മത്സരത്തില്‍ വിധി നിര്‍ണ്ണയത്തില്‍ അപാകമുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് കേസെടുത്തു. രണ്ട് വിധികര്‍ത്താക്കളേയും നൃത്താധ്യാപകനായ ഇടനിലക്കാരനേയും പ്രതിയാക്കിയാണ് കേസെടുത്തത്. 
 
കോഴിക്കോട് സ്വദേശിയായ നൃത്താധ്യാപകന്‍ അന്‍ഷാദ് അസീസ്, വിധികര്‍ത്താക്കളായ ആന്ധ്രയില്‍ നിന്നുള്ള ഗുരു വിജയ ശങ്കര്‍, വേദാന്തമൗലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഗൂഡാലോചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
 
ആലപ്പുഴ ജില്ലയിലെ ഉത്തര എന്ന വിദ്യാര്‍ത്ഥിനിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് നടപടി. ഇതില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ പരിശോധനയില്‍ വിധി നിര്‍ണയത്തെ സ്വാധീനിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 
 
മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് പരാതിക്കാരിയുടെ  ഗ്രേഡും ഒന്നാം സമ്മാനം കിട്ടുന്നത് ആര്‍ക്കാണെന്നും നൃത്താധ്യാപകന്‍ പറഞ്ഞിരുന്നു. തന്റെ കീഴിലുള്ള വിദ്യാര്‍ത്ഥിനിയായി മത്സരത്തില്‍ പങ്കെടുക്കണമെന്ന ആവശ്യം നിരസിച്ചതോടെ ഇവരുടെ മാര്‍ക്ക് കുറക്കാന്‍ അധ്യാപകന്‍ ഇടപെട്ടുവെന്നും പരാതിയില്‍ പറയുന്നു. 
 
തന്റെ കീഴില്‍ പരിശീലിക്കാന്‍ ഒരു ലക്ഷം രൂപയാണ് അധ്യാപകന്‍ ആവശ്യപ്പെട്ടത്. വിധി കര്‍ത്താക്കളാരാണെന്ന് അന്നുതന്നെ വെളിപ്പെടുത്തിയിരുന്നു. മത്സരത്തിന് ഇവര്‍ തന്നെ വിധികര്‍ത്താക്കളായി എത്തിയതോടെയാണ് ഇവര്‍ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. 
 
കുച്ചിപ്പുടി മത്സരത്തില്‍ പങ്കെടുത്തത് 45 പേരാണ്. ഇതില്‍ 41ാം സ്ഥാനമാണ് ഉത്തരക്ക് ലഭിച്ചത്. ഇവര്‍ ജില്ലാ തലത്തില്‍ ഒന്നാമതെത്തിയാണ് സംസ്ഥാനതലത്തിലെത്തിയത്. വിധികര്‍ത്താക്കളില്‍ മൂന്നുപേര്‍ ഉത്തരക്ക് 70 ശതമാനം  മാര്‍ക്കില്‍ താഴെയാണ് നല്‍കിയത്. ഹയര്‍ അപ്പീലില്‍ ഇവര്‍ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് മാര്‍ക്ക് കുറക്കാന്‍ ഗൂഡാലോചന നടത്തിയെന്ന നിഗമനത്തിലല്‍ വിജിലന്‍സ് എത്തിയത്.
 
വിധി നിര്‍ണയത്തിന്റെ രേഖകളും  അവതരണത്തിന്റെ ദൃശ്യങ്ങളും വിജിലന്‍സിന് കൈമാറാന്‍ അന്വഷണ സംഘം ആവശ്യപ്പെട്ടു. വിജിലന്‍സ് ഡിവൈഎസ്പി എ വി പ്രദീപിനാണ് അന്വേഷണ ചുമതല.