Nihal Rahmanകണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കഥകളി വേദിയില്‍ നിന്ന് കാലകേയവധത്തിലെ അര്‍ജ്ജുനനായി നിറഞ്ഞാടിയ ശേഷം നിഹാല്‍ റഹ്മാന്‍ പടിയിറങ്ങുമ്പോള്‍ നിഹാലിന്റെ മാതാവും അധ്യാപികയുമായ ഷാഹിദ റഹ്മാന് അത് അപൂര്‍വ്വമായൊരു മുഹൂര്‍ത്തമായിരുന്നു. 

തുടര്‍ച്ചയായി മൂന്ന് വര്‍ഷം കൂടിയാട്ടത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ജഹനാര റഹ്മാന്റെ അനിയനാണ് നിഹാല്‍. ഇപ്പോള്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ ജഹനാര പണ്ട് കലോത്സവത്തിനെത്തുമ്പോള്‍ നിഹാലിനേയും ഒപ്പം കൂടാറുള്ള ഷാഹിദ റഹ്മാ്ന്‍ മകന്‍ അര്‍ജ്ജുനനായി അരങ്ങിലെത്തുമ്പോള്‍ അതിന് സാക്ഷിയായാവാനുള്ള അവസരമാണ് കണ്ണൂര്‍ കലോത്സവം ഒരുക്കിയത്. 

കൂടിയാട്ടത്തിലെ ആദ്യ മുസ്ലീം ആര്‍ട്ടിസ്റ്റായി വിശേഷിപ്പിക്കപ്പെടുന്ന ജഹനാരയെ കണ്ടാണ് നിഹാല്‍ കഥകളിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കലാമണ്ഡലം  വെങ്കിട്ടരാമന് കീഴിലായിരുന്നു നിഹാലിന്റെ കഥകളി പഠനം. നേരത്തെ കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിലും നിഹാല്‍ കഥകളിയില്‍ മത്സരിക്കാനെത്തിയിരുന്നു.

ജില്ലാ തലത്തില്‍ ചവിട്ടുനാടകത്തിലും നിഹാല്‍ ഉള്‍പ്പെട്ട ടീം മത്സരിച്ചിരുന്നുവെങ്കിലും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. തൃശ്ശൂര്‍ അത്താണി ജെഎംജെഇഎംഎച്ച്എസില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ നിഹാലിന് ഇനി ചേച്ചിയെ പോലെ കൂടിയാടം പഠിക്കണമെന്നാണ് ആഗ്രഹം.