പതിവുതെറ്റിക്കാതെ മൃദംഗത്തിൽ അനിരുദ്ധ് രാജ് കൊട്ടിക്കയറിയപ്പോൾ പിറന്നത് അപൂർവമായൊരു റെക്കോഡാണ്. സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാലുതവണ ഒരേയിനത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കുക എന്ന നേട്ടം. ഇതാണ് വ്യാഴാഴ്ച നടന്ന ഹയർസെക്കൻഡറി വിഭാഗം മൃദംഗമത്സരത്തിലൂടെ അനിരുദ്ധ് രാജിന് സ്വന്തമായത്.

പാലക്കാട് ഭാരതമാതാ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. പിതൃസഹോദരനും പ്രശസ്ത മൃദംഗവാദകനുമായ പാലക്കാട് എ.ഗണേശനാണ് ഗുരുനാഥൻ. അദ്ദേഹത്തിന് കീഴിൽ കഴിഞ്ഞ് എട്ടുവർഷമായി തുടരുന്ന വാദ്യപഠനമാണ് എല്ലാ വിജയങ്ങൾക്കും കാരണമായി അനിരുദ്ധ് പറയുന്നത്.

സ്കൂൾ കലോത്സവത്തിനെത്തിയ ആദ്യവർഷം മുതൽ ഒന്നാംസ്ഥാനം പിടിച്ചെടുത്ത അനിരുദ്ധ് തിരുവനന്തപുരം കലോത്സവത്തിലാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. കണ്ണൂരിലും വിജയം ആവർത്തിച്ചതോടെ മൃദംഗവാദനത്തിൽ എതിരാളികളില്ലാത്ത നാലാം വർഷമാണ് ഈ കൗമാരതാരം ആഘോഷിക്കുന്നത്.