ലളിതഗാനവേദിയില്‍ താരത്തിളക്കമായി മധുശ്രീ നാരായണന്‍. പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണന്റെ മകളും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ഗായിക മധുശ്രീ എച്ച്.എസ്.എസ് വിഭാഗം ലളിതഗാനമത്സരത്തില്‍ പങ്കെടുക്കാനാണ് എത്തിയത്.

പി.കെ. ഗോപി രചിച്ച ''സര്‍ഗസാഗരത്തില്‍...''എന്നു തുടങ്ങുന്ന ഗാനം പാടിയ മധുശ്രീ എ ഗ്രേഡ് നേടി. തിരുവനന്തപുരം കാര്‍മല്‍ എച്ച്.എസ്.എസ്. പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. അടുത്ത ദിവസം സംഘഗാനത്തിലും മധുശ്രീ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ കലോത്സവത്തിലും ഇതേ ഇനങ്ങളില്‍ മത്സരിച്ച് വിജയം നേടിയിരുന്നു. 

ഇടവപ്പാതി എന്ന സിനിമയിലെ ഗാനത്തിനാണ് മധുശ്രീക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്.