Kalolsavamകണ്ണൂര്‍: കുട്ടിക്കാലം തൊട്ടേ നൃത്തത്തിന്റെ വഴിയേ സഞ്ചരിക്കുന്ന ഡോ.മഹേഷിനും സീരിയല്‍ താരമായ വൃന്ദയ്ക്കും സ്‌കൂള്‍ കലോത്സവങ്ങളും അതിന്റെ ആരവങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇക്കുറി കണ്ണൂരില്‍ നടക്കുന്ന അന്‍പതേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇരുവര്‍ക്കും സ്പെഷ്യലാണ്.

നാട്യവേദിയില്‍ ആരംഭിച്ച ഇവരുടെ പ്രണയം നാല് മാസം മുന്‍പാണ്  വിവാഹത്തിലെത്തിയത്. കല്ല്യാണം കഴിഞ്ഞ് ഏറെ വൈകാതെ  സ്‌കൂള്‍ കലോത്സവമെത്തിയതോടെ തങ്ങള്‍ പരിശീലിപ്പച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുവരും കണ്ണൂരിലെത്തിയിട്ടുണ്ട്. 

ആയുര്‍വേദ ഡോക്ടറും നൃത്തധ്യാപകനുമായ ഡോ.മഹേഷിന്റെ കീഴില്‍ പരിശീലനം നേടിയ നിരവധി വിദ്യാര്‍ത്ഥികളാണ് മുന്‍വര്‍ഷങ്ങളില്‍ മോഹിനിയാട്ടം, കുച്ചുപ്പുഡി, കേരളനടനം എന്നീ ഇനങ്ങളില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനെത്തിയത്. 

കല്ല്യാണം കഴിഞ്ഞതോടെ കുട്ടികളെ പഠിപ്പിക്കാന്‍ മഹേഷിനൊപ്പം വൃന്ദയും ചേര്‍ന്നു. മഹേഷ് സ്ഥാപിച്ച ഭാവമിത്ര എന്ന ഡാന്‍സ് സ്‌കൂളിന് കീഴില്‍ നൃത്തം അഭ്യസിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തുന്നുണ്ട്. 

ചൊവ്വാഴ്ച്ച നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ ഭാവമിത്രയില്‍ നിന്ന് പരിശീലനം നേടിയ നാല് കുട്ടികള്‍ വേദിയിലെത്തിയിരുന്നു. ഇനി കേരളനടനത്തിലും കുച്ചുപ്പുഡിയിലും മഹേഷ്-വൃന്ദ ദമ്പതിമാരുടെ ശിഷ്യര്‍ മാറ്റുരയ്ക്കുന്നുണ്ട്. 

വൃന്ദ പങ്കെടുത്ത ഒരു നൃത്തമത്സരത്തില്‍  വിധികര്‍ത്താവായെത്തുന്നതോടെയാണ് തങ്ങളുടെ പ്രണയം ആരംഭിച്ചതെന്ന് മഹേഷ് പറയുന്നു. ആയുര്‍വേദ ഡോക്ടറായ മഹേഷ് ഋതു എന്ന പേരില്‍ ആയുര്‍വേദ ക്ലിനിക്കുകള്‍ ആരംഭിച്ചെങ്കിലും പ്രൊഫഷണല്‍ തിരക്കുകള്‍ക്കിടയിലും നൃത്തത്തിനായി സമയം കണ്ടെത്തുന്നു. നൃത്തപഠനവുമായി മുന്നോട്ട് പോയ വൃന്ദ എംഫില്‍ പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ്. 

ബുധനാഴ്ച്ച നടന്ന മോഹിനിയാട്ട മത്സരത്തിന് ആദ്യാവസാനം കാഴ്ച്ചക്കാരായി മഹേഷും വൃന്ദയും സദസിലുണ്ടായിരുന്നു. മത്സരാര്‍ത്ഥികള്‍ പൊതുവേ നല്ല നിലവാരം കാഴ്ച്ചവച്ചെന്നാണ് ഇരുവരുടേയും വിലയിരുത്തല്‍. എന്നാല്‍ പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ സ്ഥിരം ഇതിവൃത്തങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ ചുറ്റികറങ്ങുന്നതിലെ പാളിച്ചയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.