മാനന്തവാടി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ചില്ലറകിലുക്കത്തിന്റെ താളമായിരുന്നു സന്ദീപിന്റെ ചിലങ്കയ്ക്ക്. ഹയർ സെക്കൻഡറി വിഭാഗം കേരളനടനത്തിൽ ഈ മിടുക്കൻ എ ഗ്രേഡ് നേടിയപ്പോൾ മാനന്തവാടി സ്റ്റാൻഡിലും കൈയടി ഉയർന്നു. നോട്ട്ക്ഷാമവും ശമ്പളം മുടക്കവുമൊന്നും കാര്യമാക്കാതെ ഡിപ്പോയിലെ ജീവനക്കാർ കൈയിലുള്ളത് പിരിച്ചെടുത്ത് കണ്ണൂർക്ക് ബസ് കയറ്റിയതാണ് സന്ദീപിനെ.

അകാലത്തിൽ വിട്ടുപോയ പ്രിയസുഹൃത്തിന്റെ കുടുംബത്തെ വഴിയിലിറക്കിവിടാതെ കരുതലേകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ജീവനക്കാർ. ഒട്ടും 'ഓർഡിനറി'യല്ലാത്ത സ്നേഹത്തണൽ.

മാനന്തവാടി ഡിപ്പോയിലെ താത്‌കാലിക ജീവനക്കാരനായിരുന്നു സന്ദീപിന്റെ അച്ഛൻ സത്യൻ. ചില്ലറ മാറാനായി ബസ്സിൽനിന്നിറങ്ങി നടക്കുന്നതിനിടെ സ്റ്റാൻഡിനുള്ളിൽവെച്ച്, പിറകോട്ടെടുത്ത ബസ്സിനടിയിൽപെട്ടാണ് സത്യൻ മരിക്കുന്നത്. അതോടെ അനാഥമായ ഈ കുടുംബത്തെ കെ.എസ്.ആർ.ടി.സി. വഴിയിലിറക്കിവിട്ടില്ല. ഭാര്യ ജയശ്രീക്ക്‌ സ്വീപ്പറായി താത്‌കാലികജോലി നൽകി കെ.എസ്.ആർ.ടി.സി. കൈത്താങ്ങായി. പിന്നീട് അപ്പ്‌ഹോൾസറി വിഭാഗത്തിലേക്ക് മാറി.

ഇപ്പോൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി താത്‌കാലികമായി സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് അധ്യാപികയായി ജോലിനോക്കുന്നു. പരാധീനതകളുടെ സങ്കടം ചാലിച്ച് ജയശ്രീ തന്നെയാണ് മകനെ അണിയിച്ചൊരുക്കിയതും.

മകനെ നല്ലൊരു കലാകാരനാക്കണമെന്ന സത്യന്റെ ആഗ്രഹം സാക്ഷാത്കരിക്കാനാണ് കെ.എസ്.ആർ.ടി.സി.യിലെ സഹപ്രവർത്തകർ തങ്ങളാൽ കഴിയുന്നത് ചെയ്തത്. ജില്ലാ കലോത്സവത്തിൽ സന്ദീപിന്റെ മുഴുവൻ ചെലവും ഈ ജീവനക്കാർ ചേർന്ന് വഹിച്ചു. ആ നന്മയ്ക്ക് പകരമായി സന്ദീപ് ഒന്നാംസ്ഥാനവും നേടി. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് സന്ദീപ്. കഴിഞ്ഞവർഷവും കേരളനടനത്തിൽ സന്ദീപിനായിരുന്നു ഒന്നാം സ്ഥാനം.

പ്രതിഭയും പരാധീനതയും ഒരുമിച്ച സന്ദീപിന്റെ കഥയറിഞ്ഞ് പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയായും സഹായവുമായെത്തി. വിങ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന കൂട്ടായ്മ വീട്ടിലെത്തിയാണ് ഇവർക്ക് സഹായധനം കൈമാറിയത്. ഭരതാഞ്ജലി മധുസൂദനനാണ് ഗുരു. സൗജന്യമായാണ് ഇദ്ദേഹം സന്ദീപിനെയും അനുജത്തി നാലാം ക്ലാസുകാരി ഗായത്രിയെയും പഠിപ്പിക്കുന്നത്.