കണ്ണൂര്‍: കലോത്സവങ്ങളില്‍ സ്ഥിരം പ്രശ്നവേദിയായ നാടകമത്സരത്തിന് പാളിച്ചകളില്ലാത്ത തയ്യാറെടുപ്പുകളാണ് കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. സമയം നിയന്ത്രണാതീതമായി നീണ്ടു പോകാതിരിക്കാന്‍ കര്‍ട്ടന്‍, സൈഡ് വിംഗ് എന്നിവ സംഘാടകര്‍ തന്നെ ഒരുക്കിയിട്ടുണ്ട്. 

നേരത്തെ അതത് നാടക ടീമുകള്‍ തെന്നെയായിരുന്ന കര്‍ട്ടണും മറ്റ് സജീകരണങ്ങളും ഒരുക്കിയിരുന്നത്. സ്റ്റേജിലെ ഒരുക്കങ്ങള്‍ക്കായി പത്ത് മിനുട്ടാണ് ഓരോ ടീമുകള്‍ക്കും അനുവദിച്ചിരക്കുന്നത്. എന്നാല്‍ കര്‍ട്ടണുകള്‍ അടക്കമുള്ള സജീകരണങ്ങള്‍ മാറ്റി ക്രമീകരിക്കേണ്ടതായി വരികയും നിശ്ചിത സമയത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാതെ വരുന്നതും പ്രശ്നങ്ങള്‍ക്ക് കാരണായിരുന്നു. 

എന്നാല്‍ വെളുപ്പും കറുപ്പും നിറമുള്ള കര്‍ട്ടണുകള്‍ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ അത്യാവശ്യമായ കര്‍ട്ടണുകള്‍ മാത്രമെ ടീമുകള്‍ ഒരുക്കേണ്ടതുള്ളു. അരമണിക്കൂറാണ് നാടകത്തിന് അനുവദിച്ചിട്ടുള്ള സമയം. നിലവില്‍  ടീമുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ട്.

സാധാരണയായി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ശബ്ദസംവിധാനവും അതീവ ജാഗ്രതയോടെ സജീകരിച്ചിട്ടുണ്ട്. മികച്ച ശബ്ദ സംവിധാനമാണെന്നും സ്റ്റേജിലെ ഒരുക്കങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ എളുപ്പമായെന്നും മത്സരത്തിന് ശേഷം തിരുവനന്തപുരം കേട്ടണ്‍ഹില്‍ ജി.ജി.എച്ച്്.എസ്.എസ്് വിദ്യാര്‍ഥികള്‍ പറഞ്ഞു.

20 ടീമുകളാണ് നാടകത്തിനെത്തിയത്. ഇതില്‍ ആറെണ്ണം അപ്പീലുകള്‍ വഴിയെത്തിയതാണ്. കൂടുതല്‍ ടീമുകള്‍ കോടതി വഴി എത്താന്‍ സാധ്യതയുണ്ടെന്ന് നാടക വേദി മാനേജര്‍ നാരാണന്‍ പറഞ്ഞു.