കണ്ണൂര്‍: പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തില്‍ മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ആദിത്യന്‍ തികഞ്ഞ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമായിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തിലെ എല്ലാവരും പറഞ്ഞു നന്നായി കളിച്ചുവെന്ന്. എന്നാല്‍ ഫലം വന്നപ്പോള്‍ രണ്ടാം  സ്ഥാനവും എ ഗ്രേഡുമായി ഒതുങ്ങി. ഇതിലെല്ലാം ഉപരിയായി എല്‍.കെ.ജിക്കാരിയായ കൊച്ചനുജത്തി പൂജയുടെ, ' കെച്ചേട്ടന് എന്ത് സമ്മാനമാണ് കിട്ടിയത്' എന്ന ചോദ്യമായിരുന്നു ആദിത്യനെ തളര്‍ത്തിയത്. 

അമ്പത്തേഴാം സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കഥകളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആദിത്യന്‍ തന്റെ സന്തോഷം മാതൃഭൂമി ഡോട്കോമിനോട് പങ്കുവയ്ക്കുമ്പോള്‍ ആ മുഖത്ത് എന്തെന്നില്ലാത്ത പ്രകാശം പ്രകടമായിരുന്നു. 

പാലക്കാട് ജില്ലയില്‍ രണ്ടാം സ്ഥാനക്കാരനായപ്പോള്‍ അപ്പീലിനു പോയി. എന്നാല്‍ അതും തള്ളി. ശേഷം കോടതി വിധിയുടെ ബലത്തിലാണ് ആദിത്യന്‍ സംസ്ഥാന തലത്തില്‍ യോഗ്യത നേടിയത്. കോടതിയില്‍ പോകാനും കേസ് നടത്താനും ഉള്ള സാമ്പത്തിക ശേഷിയൊന്നും ആദിത്യന്റെ കുടുംബത്തിനില്ല. കഥകളിയിലൂടെ തന്നെയാണ് ആദിത്യന്റെ അച്ഛന്‍ കലാമണ്ഡലം നാരായണന്‍ കുട്ടിയും നിത്യവൃത്തി കഴിക്കുന്നത്്. 

ഒടുവില്‍ സുഹൃത്തായ അഭിഭാഷകന്‍ പ്രേംകൂമാറിന്റെ സഹായത്തില്‍ കോടതി വിധി അനുകൂലമായി. നിറഞ്ഞ സദസിനു മുന്നില്‍ കിര്‍മീരവധം നിറഞ്ഞാടി പുറത്തു വരുമ്പോള്‍ അച്ഛന്‍ പറഞ്ഞു വളരെ നന്നായി കളിച്ചുവെന്ന്. എങ്കിലും ഫലം വരുന്നതു വരെ ആദിത്യന്‍ വിഷമത്തിലായിരുന്നു. എന്നാല്‍ കലയുടെ ദൈവങ്ങള്‍ ഉറഞ്ഞാടുന്ന കണ്ണൂരിന്റെ മണ്ണ് ആദിത്യന്റെ കഴിവിന് അംഗീകാരം നല്‍കി. 

ഒത്തിരി കരഞ്ഞെങ്കിലും ഇപ്പോള്‍ വളരെ സന്തോഷമുണ്ടെന്നും അച്ഛന്‍ നല്‍കിയ പിന്തുണയാണ് എന്നെ ഇവിടെ എത്തിച്ചതെന്നും ആദിത്യന്‍ പറഞ്ഞു. നാലുവര്‍ഷമായി അച്ഛന് കീഴില്‍ കഥകളി അഭ്യസിക്കുന്നുണ്ട്. ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ആദിത്യന്‍ ആദ്യമായാണ് കലോത്സവത്തില്‍ മത്സരിക്കുന്നത്. പ്രശസ്ത കഥകളി ആചാര്യന്‍ വെള്ളിനേഴി നാണുനായരുടെ കൊച്ചുമകനാണ് ആദിത്യന്‍. അച്ഛന്‍ സിനിമയിലടക്കം നിരവധി കലാകാരന്‍മാര്‍ക്ക് കഥകളി അഭ്യസിപ്പിച്ചിട്ടുണ്ട്. അമ്മ രാജശ്രീ വീട്ടമ്മയാണ്.

കേന്ദ്ര കള്‍ച്ചറല്‍ സൊസൈറ്റി നല്‍കുന്ന കഥകളി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് കിട്ടിയ മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ താനാണെന്ന സന്തോഷവും പങ്കുവച്ചാണ് ആദിത്യന്‍ പാലക്കാട്ടേക്ക് വണ്ടി കയറിയത്.